തിരുവനന്തപുരം|
സജിത്ത്|
Last Modified വ്യാഴം, 8 ജൂണ്‍ 2017 (10:36 IST)
കശാപ്പിനായി കന്നുകാലികളെ വില്‍ക്കരുതെന്ന കേന്ദ്ര വിജ്ഞാപനം കര്‍ഷകര്‍ക്ക് തിരിച്ചടിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കന്നുകാലികളുടെ വിൽപനയ്ക്കും കശാപ്പിനും നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര വിജ്ഞാപനം സംബന്ധിച്ചു ചർച്ച ചെയ്യുന്നതിനുള്ള പ്രത്യേക നിയമസഭ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
വിജ്ഞാപനത്തിന് പിന്നില്‍ ഗോവധ നിരോധനമെന്ന രഹസ്യ അജണ്ടയുണ്ട്. ഒരു വര്‍ഷം 15 ലക്ഷത്തോളം കന്നുകാലികളാണ് സംസ്ഥാനത്ത് എത്തുന്നത്. മറ്റു സംസ്ഥാനത്തെ കന്നുകാലികളാണ് വര്‍ഷം തോറും ഇങ്ങോട്ടു വരുന്നത്. വിജ്ഞാപനം വന്നതോടെ ഇത് തടയപ്പെട്ട അവസ്ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നിയന്ത്രണത്തോടെ ജനങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള അവകാശം ഹനിക്കപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തിന്റേതു സംസ്ഥാന സർക്കാരിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ്.
ഈ നിരോധനം മൂലം മൃഗശാലയിൽ മൃഗങ്ങൾക്കു ഭക്ഷണം ലഭിക്കാതെ വരുമെന്നും പ്രമേയം അവതരിപ്പിച്ചു മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ചർച്ചയെ എതിർത്തു കേരള കോൺഗ്രസ് (എം) നേതാവ് കെ.എം. മാണി രംഗത്തെത്തി. കേരളത്തിനു ബാധകമാകാത്ത വിഷയം എന്തിനാണ് ചർച്ച ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയം ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.