കത്തി നിര്‍മാതാവ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ആലപ്പുഴ| WEBDUNIA|
PRO
മുത്തൂറ്റ്‌ പോള്‍ എം ജോര്‍ജ്‌ വധക്കേസില്‍ കത്തി പോലീസിന്‌ നിര്‍മ്മിച്ചു നല്‍കിയെന്ന്‌ വെളിപ്പെടുത്തിയ ഇരുമ്പുപണിക്കാരന്‍ പ്രസാദ്‌ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ആലപ്പുഴ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇയാളുടെ അനുജന്‍ രംഗനും കോടതിയില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. പോലീസ്‌ പീഡിപ്പിക്കാന്‍ സാധ്യതയുളളതിനാലാണ്‌ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതെന്ന്‌ പ്രസാദിന്റെ അഭിഭാഷകന്‍ പ്രിയദര്‍ശന്‍ തമ്പി പറഞ്ഞു.

ടിവി ചാനലുകളില്‍ വെളിപ്പെടുത്തല്‍ സം‌പ്രേക്ഷണം ചെയ്തയുടനെ പ്രസാദ് മുങ്ങിയിരുന്നു. പിന്നീടാരും ഇയാളെ കണ്ടിട്ടില്ല. ഇയാളെ അന്വേഷിച്ചെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ അടഞ്ഞുകിടക്കുന്ന പണിശാലയാണു കാണാന്‍ കഴിഞ്ഞത്‌. ഇതിനു സമീപത്തെ വീട്ടില്‍ അന്വേഷിച്ചെങ്കിലും അവിടെയും ഉണ്ടായിരുന്നില്ല. വാര്‍ത്ത പുറത്തായതോടെ പൊലീസ്‌ ഇയാളെ മാറ്റിയതായും സംശയമുയര്‍ന്നിരുന്നു.

പൊലീസിന്റെ ആവശ്യപ്രകാരം ഏതാണ്ടു പത്തു സെന്റിമീറ്റര്‍ നീളമുള്ള കത്തി താനാണു നിര്‍മിച്ചുനല്‍കിയതെന്നും വരച്ചുകാട്ടിയ മാതൃക നോക്കിയാണു നിര്‍മിച്ചതെന്നുമായിരുന്നു ഇരുമ്പുപണിക്കാരന്റെ വെളിപ്പെടുത്തല്‍. 125 രൂപയാണു പ്രതിഫലം ആവശ്യപ്പെട്ടിരുന്നതെങ്കിലും പണം കിട്ടിയില്ലെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.

തിങ്കളാഴ്ച വൈകിട്ട്‌ ഇയാളുടെ പണിശാലയ്ക്കു മുന്നില്‍ ഒരു ബൈക്ക്‌ വന്നുനിന്നു. അകത്തുനിന്ന്‌ ഇറങ്ങിവന്ന ഇയാള്‍ ബൈക്കിലെത്തിയ ആളുമായി കഷ്ടിച്ചു രണ്ടു മിനിട്ടോളം സംസാരിച്ചു. തുടര്‍ന്ന്‌ അകത്തേക്കു പോയി ഷര്‍ട്ട്‌ ധരിച്ചശേഷം അവിടെയുണ്ടായിരുന്ന സ്കൂട്ടറില്‍ കയറി സ്ഥലംവിടുകയായിരുന്നുവത്രേ. ചാനല്‍വാര്‍ത്ത കണ്ടു സ്പെഷല്‍ ബ്രാഞ്ച്‌ പൊലീസും ഇയാളെത്തേടി സ്ഥലത്തെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :