കണിച്ചുകുളങ്ങര കേസില്‍ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കെതിരായ ആരോപണത്തിന് തെളിവില്ലെന്ന് വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ കണ്ടെത്തി. എന്നാല്‍ വിജിലന്‍സ് റിപ്പോര്‍ട്ട് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ പൂഴ്ത്തിവച്ചു എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫിസ് വ്യക്തമാക്കുന്നു. 2011 മാര്‍ച്ചിലാണ് വിജലിന്‍സ് ഡയറക്ടര്‍ ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കണിച്ചുക്കുളങ്ങര കേസിലെ പ്രതികളായ ഹിമാലയന്‍ ചിട്ടി ഉടമകളെ രക്ഷിക്കാന്‍ രമേശ് ചെന്നിത്തല കൈക്കൂലി വാങ്ങിയെന്നാണ് പരാതി. ഉടമകളായ കെ എന്‍ ബിനീഷ്, എന്‍ എസ് സജിത് എന്നിവര്‍ തിരുനെല്‍വേലിയില്‍ എട്ടു കോടി രൂപ മുടക്കി 45 ഏക്കര്‍ ഭൂമി ചെന്നിത്തലയ്ക്ക് വാങ്ങി നല്കാന് തീരുമാനിച്ചു എന്ന ആരോപണവും ഉണ്ടായിരുന്നു.
കണിച്ചുകുളങ്ങര ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ വി എ ഹക്കിം നല്കിയ പരാതി പ്രകാരം എല്‍ ഡി എഫ് സര്‍ക്കാരാണ് വിജിലന്‍സ് അന്വേഷണത്തിന് വിട്ടത്. എന്നാല്‍ ആരോപണങ്ങളില്‍ തെളിവുകള്‍ നല്കാന് പരാതിക്കാരന് കഴിഞ്ഞിട്ടില്ലെന്നും സമര്‍പ്പിച്ച തെളിവുകളെല്ലാം വ്യാജമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. മാത്രമല്ല പരാതിക്കാരന് കുറ്റകരമായ പശ്ചാത്തലമുള്ളയാളുമാണ്.
ചെന്നിത്തലയ്ക്ക് ഹിമാലയന്‍ ഉടമ എഴുതിയതായി പറയപ്പെടുന്ന കത്ത്, ഹിമാലയന്‍ ഗ്രൂപ്പ് ചാനല്‍ തുടങ്ങാന്‍ രമേശിന് ഒരുകോടി രൂപ നല്‍കിയെന്ന ആരോപണം എന്നിവയെല്ലാം അടിസ്ഥാനരഹിതമാണെന്ന് വിജിലന്‍സ് കണ്ടെത്തി. കേസില്‍ തുടര്‍നടപടികള്‍ ആവശ്യമില്ലെന്ന് പറഞ്ഞ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വി എസ് സര്‍ക്കാര്‍ പുറത്തുവിട്ടില്ല എന്നാണ് ഇപ്പോള്‍ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
മുന്‍ ജീവനക്കാരന് രമേശിനെ ഹിമാലയന്‍ ഉടമകളായ ബിനീഷും, സജിത്തും വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി എന്നതാണ് കണിച്ചുകുളങ്ങര കേസ്.