കടലക്കറിയില്‍ എലി; ഹോട്ടലില്‍ സംഘര്‍ഷം

കോഴിക്കോട്‌| WEBDUNIA|
PRO
PRO
മെഡിക്കല്‍ കോളജ്‌ പരിസരത്തെ ഹോട്ടലില്‍ നിന്ന് വാങ്ങിയ കടലക്കറിയില്‍ ചത്ത ചുണ്ടെലി. കടലക്കറി കഴിക്കുമ്പോള്‍ ചുണ്ടെലിയുടെ തല കടിച്ചുചവച്ച യുവതി ചര്‍ദ്ദിച്ചവശയായി മെഡിക്കല്‍ കൊളേജ് ആശുപത്രിയിലായി. തിങ്കളാഴ്ചയാണ് കേരളത്തിലെ ഹോട്ടലുകളിലെ ‘വൃത്തി’ തുറന്നുകാണിച്ച ഈ സംഭവം അരങ്ങേറിയത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഹോട്ടല്‍ ‘ചെറുതായി’ കൈകാര്യം ചെയ്യുകയും പൂട്ടിക്കുകയും ചെയ്തു.

കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ ഇരുപത്തിനാലാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ മകള്‍ വാങ്ങിയ കടലക്കറിയിലാണ് ചുണ്ടെലിയെ കണ്ടെത്തിയത്. റൊട്ടിയുടെ കൂടെ കടലക്കറി കഴിച്ചപ്പോള്‍ വായില്‍ എന്തോ തടഞ്ഞു. കടിച്ചുചവച്ചപ്പോഴാണ് ദുസ്വാദ് അനുഭവപ്പെട്ടത്. തുടര്‍ന്ന് തുപ്പിയപ്പോള്‍ കടിച്ചുചവച്ചത് ചുണ്ടെലിയുടെ തലയാണെന്ന് മനസിലായി.

താന്‍ കഴിച്ചത് ചുണ്ടെലിയുടെ തലയാണെന്ന് അറിഞ്ഞയുടന്‍ യുവതി ചര്‍ദ്ദിക്കാന്‍ തുടങ്ങി. ഛര്‍ദ്ദിച്ചു അവശയായ യുവതിയെ അവസാനം അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. മെഡിക്കല്‍ കോളജ്‌ പോലിസില്‍ പരാതി നല്‍കി. വിവരം അറിഞ്ഞെത്തിയ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ ഹോട്ടല്‍ പരിസരത്ത്‌ പ്രകടനം നടത്തി. ക്ഷുഭിതരായ നാട്ടുകാര്‍ ഹോട്ടല്‍ അടപ്പിച്ചു. അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് ഉറപ്പ് നല്‍‌കിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പിരിഞ്ഞ് പോയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :