കക്കൂസ് മാലിന്യം ഓടയില്‍ തള്ളാനെത്തിയ ടാങ്കര്‍ലോറി നാട്ടുകാര്‍ കത്തിച്ചു. ചുണങ്ങംവേലിയിലാണ് സംഭവം. കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ ഇത് അഞ്ചാം തവണയാണ് ഇത്തരത്തില്‍ കക്കൂസ് മാലിന്യം തള്ളാനെത്തിയ വാഹനങ്ങള്‍ നാട്ടുകാര്‍ പിടികൂടുന്നത്. പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ലോറിയില്‍ കക്കൂസ് മാലിന്യം കണ്ടതോടെ കുപിതരായ നാട്ടുകാര്‍ ലോറിയിലുണ്ടായിരുന്ന ജീവനക്കാരെ ഓടിച്ചശേഷം ടാങ്കര്‍ ലോറി കാനയിലേക്ക് മറിച്ചശേഷമാണ് ഭാഗികമായി കത്തിച്ചത്.
ഈ മേഖലയില്‍ ഹര്‍ത്താലും നടത്തി. ആലുവ ഭാഗത്ത് റോഡരികിലാണ് പലപ്പോഴും കക്കൂസ് മാലിന്യങ്ങളുമായി ടാങ്കര്‍ ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത്. അതിനുശേഷം രാത്രിയാകുമ്പോഴാണ് ഇവ കാനകളിലേക്ക് തള്ളിവിടുന്നത്. വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതുള്‍പ്പെടെ കര്‍ക്കശമായ നടപടികള്‍ക്ക് പോലീസ് തയ്യാറാകാത്തത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമാകും. കൊച്ചി പനയപ്പിള്ളി സ്വദേശി ഷമീറിന്റെ പേരിലാണ് ലോറിയുടെ രജിസ്ട്രേഷന്‍. നാട്ടുകാര്‍ കത്തിച്ച ലോറിയുടെ ക്ലീനറെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.