ഓണവിപണി കീഴടക്കാന്‍ കസവ് പുടവകളെത്തി

PROPRO
ഓണമെത്തിയതോടെ സംസ്ഥാനത്ത് വസ്ത്ര വിപണിയും സജീവമായി. കേരളത്തനിമയുള്ള കസവ് വസ്ത്രങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ.

ഇത് മുന്നില്‍ക്കണ്ട് മനോഹര ഡിസൈനുകളുമായി കസവ് പുടവകളും മുണ്ടുകളും വിപണിയിലെത്തിത്തുടങ്ങി. കസവ് പുടവയുടെ ഈറ്റില്ലമായ ബാലരാമപുരത്തെ നെയ്ത്തുകാര്‍ മനോഹരമായ കസവ് വസ്ത്രങ്ങള്‍ നെയ്തെടുക്കുന്ന തിരക്കിലാണ്. വ്യത്യസ്ത ഡിസൈനുകളുള്ള മനോഹരമായ വസ്ത്രങ്ങളാണ് ഇക്കുറിയും ഇവര്‍ നെയ്യുന്നത്.

മുത്തും കല്ലും പതിപ്പിച്ച സാരികളാണ് ഇതില്‍ ശ്രദ്ധേയം. ആയിരത്തിനും രണ്ടായിരത്തിലു ഇടയിലാണ് ഇതിന്‍റെ വില. കൃഷ്ണന്‍റെയും രാധയുടെയും രൂപങ്ങള്‍ മുന്താണിയില്‍ ഡിസൈന്‍ ചെയത സാരികളാണ് വിപണിയിലെ മറ്റൊരിനം. അഞ്ഞൂറില്‍ താഴയേ ഇതില്‍ വില വരൂ. മുണ്ടുകളിലുമുണ്ട് പുതിയ പരീക്ഷണങ്ങള്‍. മുത്തുകരയാണ് ഇതില്‍ പ്രധാനം.

കരയും കസവും ചേര്‍ന്ന മുണ്ടുകളാണ് ചെറുപ്പക്കാര്‍ക്ക് ഏറെ ഇഷ്ടം. കഴിഞ്ഞ വര്‍ഷം വിപണിയില്‍ ഏറെ ശ്രദ്ധ നേടിയ വെള്ളിക്കസവിന് ഇക്കുറി വലിയ ഡിമാന്‍റില്ല. വിരലിലെണ്ണാവുന്ന നെയ്ത്തുകാരും തറികളും മാത്രമേ ഇന്ന് ബാലരാമപുരത്തുള്ളു. വരുമാനം തീരെ കുറവാ‍യതിനാല്‍ പുതിയ തലമുറ ഈ മേഖലയിലേക്ക് കടന്നുവരാന്‍ മടിക്കുകയാണ്.

ഓരോ ഇഴയും സൂഷ്മതയോടെ വേണം നെയ്യാന്‍. നല്ലൊരു പുടവ നെയ്തെടുക്കാന്‍ നാലും അഞ്ചും ദിവസങ്ങളെടുക്കും. അറുപത് വയസു കഴിഞ്ഞ ചില തൊഴിലാളികളുടെ രാവും പകലും നീളുന്ന അധ്വാനമാണ് മനോഹര ഡിസൈനുകളായി നമ്മുടെ വിപണിയിലെത്തുന്നത്.

തിരുവനന്തപുരം| M. RAJU| Last Modified ശനി, 30 ഓഗസ്റ്റ് 2008 (11:51 IST)
തങ്ങളുടെ കാലം കഴിയുമ്പോള്‍ ഈ തനത് കല എന്നന്നേക്കുമായി ഇല്ലാതാകുമോയെന്ന് ഇവര്‍ ആശങ്കപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :