ഓടിപ്പോയ വധുവും കാമുകനും ഒന്നിച്ചു!

കോട്ടയം| WEBDUNIA|
കതിര്‍മണ്ഡപത്തില്‍ നിന്ന് താലി തട്ടിമാറ്റി ഇറങ്ങി ഓടിയ വധുവും കാമുകനും ഒന്നാകാന്‍ തീരുമാനിച്ചു. നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയും കാമുകനും തിങ്കളാഴ്ച പുതുപ്പള്ളി സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാനായി നോട്ടീസ് നല്‍കി.

കോട്ടയം വടവാതൂര്‍ സ്വദേശിയും കണ്‍സ്ട്രക്ഷന്‍ കമ്പനി സൂപ്പര്‍വൈസറുമായ യുവാവും പെണ്‍കുട്ടിയും എട്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇവര്‍ വ്യത്യസ്ത മതക്കാര്‍ ആയതിനാല്‍ വീട്ടുകാര്‍ വിവാഹത്തിന് എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിയും ഗള്‍ഫില്‍ എന്‍ജിനീയറുമായ യുവാവുമായാണ് പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചു. ഞായറാഴ്ച കോട്ടയം സുമംഗലി കല്യാണമണ്ഡപത്തില്‍ വിവാഹചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാ‍ണ് പെണ്‍കുട്ടി ഇറങ്ങി ഓടിയത്.

കരഞ്ഞുകലങ്ങിയ കണ്ണുകളുമായാണ് വധു മണ്ഡപത്തില്‍ എത്തിയത്. വരന്‍ താലി അണിയിക്കാന്‍ ഒരുങ്ങവെ ‘ഈ വിവാഹം വേണ്ട’ എന്ന് പറഞ്ഞ് വധു ഇറങ്ങി ഓടുകയായിരുന്നു. എന്നാല്‍ ബന്ധുക്കള്‍ വധുവിനെ പിടികൂടി മുറിയില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് വധൂവരന്മാരുടെ ബന്ധുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയുമായി. ഇതിനിടെ പൊലീസും സ്ഥലത്തെത്തി. പൊലീസ് കാമുകനെ വിളിച്ചെങ്കിലും അയാള്‍ സ്ഥലത്തെത്തിയില്ല. മകളെ വേണ്ടെന്ന് പെണ്‍കുട്ടിയുടെ അച്ഛനും പറഞ്ഞു. പിന്നീട് പെണ്‍കുട്ടിയെ അച്ഛന്റെ ബന്ധുവിനൊപ്പം പറഞ്ഞുവിടുകയായിരുന്നു.

ഒടുവില്‍ കാമുകന്‍ രംഗപ്രവേശം ചെയ്തതോടെയാണ് ഇരുവരും ഒരുമിക്കാന്‍ തീരുമാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :