ഒരു സാധാരണ മനുഷ്യനാണ് മമ്മൂട്ടി, കഷ്ടപ്പെട്ട് നടനായതാണ് അദ്ദേഹം: അന്ന് പുനത്തിൽ കുഞ്ഞബ്ദുള്ള പറഞ്ഞതിങ്ങനെയായിരുന്നു

'അയാളെ ആരും ഇഷ്ടപെട്ടുപോകും' - മമ്മൂട്ടിയെ കുറിച്ച് ഒരിക്കൽ പുനത്തിൽ പറഞ്ഞത്

aparna| Last Modified വെള്ളി, 27 ഒക്‌ടോബര്‍ 2017 (17:12 IST)
മലയാളത്തിന്റെ സ്വന്തം എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള ഇനി കാണാമറയത്ത്. സാഹിത്യ ലോകത്തെ അനവധി ആളുകളുമായി അദ്ദേഹത്തിനു നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, സിനിമാ മേഖലയുമായി കുഞ്ഞിക്കയ്ക്ക് വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ സിനിമാക്കാരുമായി നല്ല അടുപ്പം 'കുഞ്ഞിക്ക' സൂക്ഷിച്ചിരുന്നു എന്നത് വാസ്തവമാണ്.

മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പുനത്തില്‍ മോഹന്‍ലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും അവരുമായുള്ള ബന്ധത്തെ കുറിച്ചും വാചാലനായത്. സിനിമാ മേഖലയിലെ അധികം ആളുകളുമായി തനിക്ക് ബന്ധമില്ലെങ്കിലും എം ജി സോജനും മുരളിയുമായി നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് പുനത്തിൽ പറഞ്ഞിരുന്നു. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും തനിക്കിഷ്ടമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ഒരിക്കൽ എറണാകുളത്ത് വെച്ച് ഇരുവരേയും ഒരുമിച്ച് കണ്ടപ്പോൾ രണ്ടാള്‍ക്കും ഞാന്‍ ഓരോ ഉമ്മ കൊടുത്തുവെന്ന് അദ്ദേഹം പറയുന്നു. 'വളരെ ഏറെ കമ്മിറ്റ്‌മെന്റുള്ള നടന്മാരാണ് രണ്ട് പേരും. മോഹന്‍ലാല്‍ ബോണ്‍ ആക്ടറാണ്. സ്വന്തമായി കഷ്ടപ്പെട്ട് നടനായതാണ് മമ്മൂട്ടി. സെല്‍ഫ് മെയ്ഡ് ആക്ടര്‍. രണ്ടും ഒരുപോലെ ഗംഭീരമാണ്.' - അദ്ദേഹം പറയുന്നു.

പുറത്ത് ജാഡകാണിക്കുന്ന ആളാണ് മമ്മൂട്ടിയെങ്കിലും ഉള്ളിന്റെ ഉള്ളില്‍ പച്ചപ്പാവമാണ്. വീട്ടിൽ ചെന്നാൽ അക്കാര്യം വ്യക്തമായി മനസ്സിലാകും. ഒരു സാധാരണ മനുഷ്യനാണദ്ദേഹം‍. അയാള്‍ ഇത്ര നല്ല അഭിനേതാവാന്‍ കാരണം തന്നെ ആ കുടുംബ പശ്ചാത്തലമാണെന്ന് അന്ന് പുനത്തിൽ പറഞ്ഞിരുന്നു.

'മോഹന്‍ലാലില്‍ നിന്ന് നേരെ വിപരീതമാണ് മമ്മൂട്ടി. കുറച്ച് കടുംപിടുത്തക്കാരനാണ്. വിട്ടുകളിക്കില്ല.
യവനിക എന്ന ചിത്രം കണ്ടപ്പോഴാണ് മമ്മൂട്ടിയുടെ അഭിനയം എന്നില്‍ മതിപ്പുളവാക്കിയത്. അതില്‍ അയാള്‍ നായകനൊന്നുമല്ല. പക്ഷെ ആ കാണുമ്പോള്‍ ജേക്കബ് ഈരാളി എന്ന പോലീസുകാരനെ നമ്മള്‍ ശരിക്കും ഇഷ്ടപ്പെട്ടുപോകും' - പുനത്തില്‍ കുഞ്ഞബ്ദുള്ള പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :