ഐസ്ക്രീം: തന്റെ ശബ്ദം അനുകരിച്ചതെന്ന് പീറ്റര്‍

കൊച്ചി| WEBDUNIA|
PRO
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കെസി പീറ്റര്‍ ഇന്ത്യാവിഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു. ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍ തന്റെ ശബ്ദം മിമിക്രിക്കാരെ കൊണ്ട് ഡബ്ബ് ചെയ്യിച്ചാവാം വാര്‍ത്ത പുറത്തുവിട്ടത് എന്നാണ് പീറ്ററിന്റെ വാദം.

ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍ തന്നെ സമീപിച്ചു വിഷ്വലുകള്‍ എടുത്തിരുന്നു എന്നും എന്നാല്‍ താന്‍ ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന് പറഞ്ഞിട്ടില്ല എന്നുമാണ് പീറ്ററുടെ വാദം. ജസ്റ്റിസ് തങ്കപ്പന്‍ തന്റെ സഹപാഠിയാണ്. എന്നാല്‍, ജസ്റ്റിസ് തങ്കപ്പനെയോ ജസ്റ്റിസ് നാരായണ കുറുപ്പിനെയോ ഒരു ആവശ്യവുമായും സമീപിച്ചിട്ടില്ല എന്നും പീറ്റര്‍ പറയുന്നു.

എന്നാല്‍ ടിവി ചാനല്‍ പുറത്തുവിട്ട സംഭാഷണത്തില്‍, റൌഫിന് ജസ്റ്റിസ് തങ്കപ്പന്റെ വീട് കാണിച്ചുകൊടുക്കുക മാത്രമാണ് താന്‍ ചെയ്തത്. താനല്ല ജസ്റ്റിസ് തങ്കപ്പന് പണം നല്‍കിയത് മറ്റാരോ ആണെന്നും തന്നെ അതില്‍ നിന്ന് ഒഴിവാക്കിയെന്നും പീറ്റര്‍ പറയുന്നുണ്ട്. രണ്ട് ജഡ്ജിമാരുമായി വ്യക്തിബന്ധമില്ലായിരുന്നു എങ്കില്‍ കുഞ്ഞാലിക്കുട്ടി രാഷ്ട്രീയത്തില്‍ കാണില്ലായിരുന്നു. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നൂറ് ശതമാനം തെളിവുകള്‍ ഉണ്ടെന്നും പീറ്ററിന്റെ സംഭാഷണത്തിലുണ്ട്.

“കുറുപ്പിന് കാശും വേണം സ്മാളും വേണം” എന്നായിരുന്നു ജസ്റ്റിസ് നാരായണ കുറുപ്പിനെകുറിച്ച് പീറ്റര്‍ അഭിപ്രാ‍യപ്പെട്ടത്. താനും റൌഫുമായി പണവുമായി വീട്ടില്‍ ചെന്നപ്പോള്‍ കുറുപ്പ് മുകളിലത്തെ നിലയിലായിരുന്നു എന്നും അദ്ദേഹത്തിന്റെ മരുമകന്‍ താഴേക്ക് ഇറങ്ങി വന്നാണ് കാശുവാങ്ങിയത് എന്നും പീറ്റര്‍ പറയുന്നുണ്ട്. കാശ് നല്‍കാന്‍ താന്‍ പോയപ്പോള്‍ അത് കൈമാറുന്നുണ്ടോ എന്ന് റൌഫിന് സംശയം ഉണ്ടായിരുന്നു എന്നും വെളിപ്പെടുത്തലില്‍ പറയുന്നുണ്ട്.

എന്നാല്‍, താന്‍ ആരുടെ കൈയില്‍ നിന്നും പത്ത് രൂപ പോലും കൈക്കൂലി വാങ്ങിയിട്ടില്ല എന്നും തന്റെ പേര് പറഞ്ഞ് കാശ് വാങ്ങിയവരാണ് ആരോപണം ഉന്നയിക്കുന്നത് എന്നും ജസ്റ്റിസ് നാരായണ കുറുപ്പ് പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കാശ് വാങ്ങി വിധിയെഴുതേണ്ട കാര്യമില്ല എന്നും സ്വാഭാവിക സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് കേസില്‍ വിധിയെഴുതിയത് എന്നും നാരായണ കുറുപ്പ് കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :