വിവാദമായ ഐസ്ക്രീം പാര്‍ലര്‍ കേസ് റി-ഓപണ്‍ ചെയ്യണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന് പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ ഇനി പ്രസ്താവനകളല്ല നടപടികളാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം നിയമത്തിന്റെ വഴിയില്‍ നീങ്ങണമെന്നും അടിയന്തിരമായി ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ സംഭവങ്ങളുടെയും ഒന്നാംപ്രതി സി പി എം ആണ്. ഇ കെ നായനാര്‍ സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്ത് ഈ കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട കുറ്റപത്രത്തില്‍ ഏഴു സ്ഥലങ്ങളില്‍ പരാമര്‍ശം ഉണ്ടായിട്ടും നായനാര്‍ സര്‍ക്കാര്‍ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിച്ചെന്നും ഇതിന് പ്രതിഫലമായി സി പി എമ്മിനെ 2001ലെ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി ചില സഹായങ്ങള്‍ നല്‍കുകയും ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി.
ശശീന്ദ്രന് നായരുടെ വധത്തിന്റെ പശ്ചത്തലത്തിലാണ് ഇപ്പോള്‍ ഇക്കാര്യം വീണ്ടും വന്നിരിക്കുന്നത്. മലബാര്‍ സിമന്റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന് നായരുടെ മരണത്തിനു പിന്നില്‍ പാണക്കാട്ടെ ഒരു വ്യവസായി ആണെന്നും ഇയാള്‍ക്ക് കുഞ്ഞാലിക്കുട്ടിയുമായി അടുത്ത ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. മാഫിയാബന്ധത്തിന് മുന്‍കൈ എടുത്ത ആള്ക്കാര് ആരൊക്കെയെന്ന് വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയുടെ ഭാര്യയുടെ സഹോദരിയുടെ ഭര്‍ത്താവ് റൌഫിനെ ഐസ്ക്രീം പാര്‍ലര്‍ കേസ് നടന്ന സമയത്ത് കുഞ്ഞാലിക്കുട്ടി സംരക്ഷിച്ചിരുന്നു. രാജ്യത്തിനെതിരെയുള്ള പ്രവര്‍ത്തനം നടത്തിയതിന് കുഞ്ഞാലിക്കുട്ടിക്ക് പങ്കുണ്ടെന്നും അദ്ദേഹത്തിനെതിരായ കള്ളനോട്ട് കേസുകളെക്കുറിച്ച് അന്വേഷിക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
പെണ്‍വാണിഭ കേസുകളിലെ പ്രതികള്‍ക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കണം. അറസ്റ്റു നടന്നാല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ. നിയമം നിയമത്തിന്റെ വഴിയില്‍ നീങ്ങണം. അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.