ഐസ്‌ക്രീംപാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി വീണ്ടും വെളിപ്പെടുത്തലുമായി കേസിലെ പ്രധാന സാക്ഷികള്‍ രംഗത്ത്. അന്വേഷണ സംഘത്തിനു മുന്നില്‍ അനുകൂല മൊഴി നല്‍കാന്‍ കുഞ്ഞാലിക്കുട്ടി പണം വാഗ്‌ദാനം ചെയ്‌തു പറ്റിച്ചുവെന്ന് കേസിലെ പ്രധാന സാക്ഷികളായ ബിന്ദുവും റോസ്‌ലിനും. കുഞ്ഞാലിക്കുട്ടിയെ ഇനി തങ്ങള്‍ വിശ്വസിക്കില്ല. ഇരകളായ പത്തോളം പേര്‍ കൂടി ഇനി രംഗത്ത് എത്തുമെന്നും ഇവര്‍ പറഞ്ഞു.
ചേളാരി ഷെരീഫ് മുഖേനയായിരുന്നു തങ്ങള്‍ക്ക് പണം വാഗ്‌ദാനം നടത്തിയത്. വീട് വയ്‌ക്കാനുളള പണം നല്‍കാമെന്നായിരുന്നു വാഗ്‌ദാനം. ഈ മാസം ആദ്യം കുഞ്ഞാലിക്കുട്ടിയെ തിരുവനന്തപുരത്തു വച്ച് നേരില്‍ കണ്ടു. ലീഗ് പ്രവര്‍ത്തകനായ റാഫി മൂഖേനയാണ് കുഞ്ഞാലിക്കുട്ടിയെ കണ്ടത്. ആദ്യം അറിയില്ല എന്നു പറഞ്ഞ് ഇറക്കിവിട്ടു. പിന്നീട് വീട്ടില്‍ പോയി കണ്ടു. പണം നേരിട്ട് നല്‍കില്ല. ചാരിറ്റബിള്‍ ട്രസ്‌റ്റ് മുഖേന നല്‍കാമെന്ന് പറഞ്ഞു. എന്നാല്‍, വാഗ്‌ദാനം നിറവേറ്റിയില്ലെന്നും ഇവര്‍ പറയുന്നു.
കുടുംബവും ജീവിതവും തകര്‍ന്നതിനാലാണ് വെളിപ്പെടുത്തല്‍ നടത്തുന്നത്. ഇതില്‍ തങ്ങള്‍ഉറച്ചുനില്‍ക്കുമെന്നും സാക്ഷികള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.