ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ക്ക് പി ജയരാജന്‍റെ വക തല്ല്, ഭീഷണി

കണ്ണൂര്‍| WEBDUNIA|
PRO
ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ഷാജഹാന് മര്‍ദ്ദനമേറ്റു. ഏഷ്യാനെറ്റിന്‍റെ തെരഞ്ഞെടുപ്പ് പരിപാടിയായ ‘പോര്‍ക്കളം’ ചിത്രീകരണം അവസാനിച്ചയുടന്‍ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനാണ് ഷാജഹാനെ മര്‍ദ്ദിച്ചത്. ഷാജഹാനെ ജയരാജന്‍ മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ ഏഷ്യാനെറ്റ് സം‌പ്രേക്ഷണം ചെയ്തു.

സംഭവത്തിന് ശേഷം ഷാജഹാനെ ജയരാജന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു. “നീ കോണ്‍ഗ്രസുകാരുടെ അടുത്തുനിന്ന് പണം വാങ്ങിയിട്ട് എന്തും പറയാമെന്ന് കരുതേണ്ട. കോണ്‍ഗ്രസുകാരുമായി ആലോചിച്ച് നീ സംസാരിക്കുകയായിരുന്നു. കണ്ണൂരുകാരെ നീ മനസ്സിലാക്കിക്കോളൂ. ഇനിയും ഈ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങളുടെ അടുത്തുനിന്ന് നിനക്ക് തല്ലുവാങ്ങും. നീ ഇത് റെക്കോര്‍ഡ് ചെയ്ത് കാണിക്കുമെന്ന് എനിക്ക് അറിയാം” എന്നായിരുന്നു ജയരാജന്‍റെ ഭീഷണി.

ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ഷാജഹാനെ പി ജയരാജന്‍ മര്‍ദ്ദിച്ചത് അങ്ങേയറ്റം വേദനാജനകമായ കാര്യമാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍‌ചാണ്ടി പ്രതികരിച്ചു. ഈ സംഭവം കേരളത്തിനാകെ അപമാനകരമാണ്. സി പി എം നേതാക്കള്‍ക്ക് സമനില തെറ്റിയിരിക്കുകയാണ്. ജയരാജനും പാര്‍ട്ടിയും ഈ സംഭവത്തില്‍ മാപ്പു പറയാന്‍ തയ്യാറാകണം - ഉമ്മന്‍‌ചാണ്ടി ആവശ്യപ്പെട്ടു.

അഭിപ്രായസ്വാന്തന്ത്ര്യത്തിന് നേര്‍ക്കുള്ള കടന്നുകയറ്റമാണ് ഷാജഹാന് നേരെ നടന്ന ആക്രമണമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംഭവത്തെ കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ അപലപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണ് കണ്ണൂരിലെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി ഇ അഹമ്മദ് സംഭവത്തെ അപലപിച്ചു. കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :