എഫ് ഐ ആറില്‍ ഓം പ്രകാശിനെ ഒഴിവാക്കി

ആലപ്പുഴ| WEBDUNIA|
PRO
പോള്‍ എം ജോര്‍ജിന്‍റെ കൊലപാതകം സംബന്ധിച്ച എഫ് ഐ ആറില്‍ നിന്ന് പ്രമുഖ ഗുണ്ടാത്തലവനയ ഓം പ്രകാശിനെ പൊലീസ് ഒഴിവാക്കി. പോള്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് കണ്ടെത്തിയ ക്രെഡിറ്റ് കാര്‍ഡും, ഡ്രൈവിങ് ലൈസന്‍സും ഓംപ്രകാശിന്‍റേതാണെന്ന് പൊലീസും, ഐജിയും നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും എഫ് ഐ ആറില്‍ ഈ ഡ്രൈവിങ് ലൈസന്‍സിനെക്കുറിച്ചോ, ക്രെഡിറ്റ് കാര്‍ഡിനെക്കുറിച്ചോ പരാമര്‍ശമില്ല.

ഇത് ഓം പ്രകാശിനെ കേസില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനാണെന്നാണ് കരുതുന്നത്. ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം പൊലീസ് എഫ് ഐ ആറില്‍ നിന്ന് ഓംപ്രകാശിന്റെ പേര് മന:പൂര്‍വം ഒഴിവാക്കുകയായിരുന്നു എന്നാണ് ആരോപണം.

സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ഓംപ്രകാശിനെയും, പുത്തന്‍പാലം രാജേഷിനെയും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പോളിനെ കുത്തിയ വ്യക്തിയെ കണ്ടെത്തിയിട്ടും ഒപ്പം യാത്ര ചെയ്തവരെ പൊലിസ് കണ്ടെത്താതിരിക്കുന്നത് ആഭ്യന്തരവകുപ്പിന്‍റെ ഇടപെടല്‍ മൂലമാണെന്നും സൂചനയുണ്ട്.

അതേസമയം, പോളിനെ കൊന്നത് ആസൂത്രിതമായിരുന്നുവെന്ന് പോളിന്റെ ഡ്രൈവര്‍ ഷിബു മൊഴി നല്‍കിയിട്ടുണ്ട്. പോളിനോടുള്ള വിരോധം നിമിത്തം കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയും കരുതലോടെയും പ്രതികള്‍ സംഘം ചേര്‍ന്ന് ആലോചിച്ചുറപ്പിച്ച് മാരകായുധങ്ങളുമായി എത്തി പോളിനെ വധിച്ചുവെന്നാണ് ഷിബു നല്‍കിയിരിക്കുന്ന മൊഴി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :