എന്നെ കൊന്നിട്ടേ കുഞ്ഞാലിക്കുട്ടിയെ തൊടാന്‍ പറ്റൂ!

കോഴിക്കോട്| WEBDUNIA|
PRO
തന്നെ ആരെങ്കിലും കൊന്നാല്‍ മാത്രമേ ആര്‍ക്കെങ്കിലും കുഞ്ഞാലിക്കുട്ടിയെ അവഹേളിക്കാന്‍ പറ്റുകയുള്ളൂവെന്ന് എം‌കെ മുനീര്‍. കോഴിക്കോടിനടുത്ത് തേഞ്ഞിപ്പലത്ത് എംഎസ്എഫ് സംസ്ഥാന ക്യാമ്പസ് സമ്മേളനത്തിന്‍റെ സെമിനാറില്‍ സംസാരിക്കുകയായിരുന്നു മുനീര്‍. കുഞ്ഞാലിക്കുട്ടിയുമായി തനിക്ക് യാതൊരു വിധ ആശയക്കുഴപ്പവും ഇല്ലെന്നും മുനീര്‍ പറഞ്ഞുവെങ്കിലും സമ്മേളനത്തിന്റെ സമാപന ചടങ്ങുകള്‍ക്ക് കുഞ്ഞാലിക്കുട്ടി എത്തും മുമ്പേ മുനീര്‍ വേദി വിട്ടു.

“ഞാന്‍ കുഞ്ഞാലിക്കുട്ടിയുടെ ശത്രുവാണെന്നാണ് പലരും പറഞ്ഞ് നടക്കുന്നത്. എന്നാല്‍ ഞാന്‍ പറയട്ടെ, എന്‍റെ മയ്യത്തില്‍ ചവിട്ടിയിട്ടേ കുഞ്ഞാലിക്കുട്ടിയുടെ ഒരു രോമത്തില്‍പോലും തൊടാന്‍ അനുവദിക്കുകയുള്ളു. തോറ്റുകൊടുക്കുന്ന പാരമ്പര്യം എനിക്കില്ല. ഞാന്‍ തോറ്റുകൊടുത്തു എന്നും പ്രചരിക്കുന്നുണ്ട്. അത്തരം പ്രചാരണങ്ങള്‍ തെറ്റാണ്. ലീഗാണ് എല്ലാം. ലീഗ് ഇല്ലെങ്കില്‍ ഞാന്‍ വെറും വട്ടപ്പൂജ്യമാണെന്ന് നിങ്ങളെല്ലാവരും മനസിലാക്കണം.”

“കുഞ്ഞാലിക്കുട്ടിയും ഞാനും ഒറ്റക്കെട്ടാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ കീരിയും പാമ്പുമായ അച്യുതാനന്ദനെയും പിണറായിയെയും പോലെയല്ല ഞങ്ങള്‍. അവസാനതുള്ളി ചോര ശേഷിക്കുംവരെ ഞാന്‍ ലീഗിനായി പ്രവര്‍ത്തിക്കും. തന്നെയും കുഞ്ഞാലിക്കുട്ടിയെയും തമ്മിലടിപ്പിച്ച്‌ നേട്ടങ്ങള്‍ കൊയ്യാമെന്ന സിപിഎമ്മിന്റെ കണക്കുകൂട്ടല്‍ പകല്‍ക്കിനാവാണ്‌. എന്റെ പിതാവ്‌ സിഎച്ച്‌ മുഴക്കിയ മുദ്രാവാക്യം അവസാന ശ്വാസംവരെ ഞാന്‍ ഏറ്റുവിളിക്കും” - മുനീര്‍ പറഞ്ഞു.

‘ഐസ്ക്രീം പാര്‍ലര്‍ വിവാദം’ പണ്ടും ഇപ്പോഴും കുത്തിപ്പൊക്കിയത് മുനീറിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യാവിഷന്‍ ആണെന്ന് ഒളിഞ്ഞും തെളിഞ്ഞും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ലീഗില്‍ ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. ലീഗിലെ അസ്വാരസ്യങ്ങള്‍ കണക്കിലെടുത്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കാന്‍ മുനീര്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. പക്ഷേ, മുസ്ലീം ലീഗ് മുനീറിനെ സമാധാനിപ്പിക്കുകയായിരുന്നു.

തെറ്റായ വാര്‍ത്ത പരത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഇന്ത്യാവിഷന്‍ ചാനലിനെതിരെ കുഞ്ഞാലിക്കുട്ടി വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. മുനീറിന്റെ ഏറ്റവും പുതിയ പ്രസംഗം ഇരുവര്‍ക്കും ഇടയിലെ മഞ്ഞുരുകുന്നതിനെ സൂചനയായിട്ടാണ് രാഷ്‌ട്രീയലോകം കാണുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :