വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ സി പി എം വിമത നേതാവും ജനകീയ വികസന സമിതി അധ്യക്ഷനുമായ എം ആര് മുരളി പാലക്കാട് മണ്ഡലത്തില്‍ നിന്നും മത്സരിക്കും. ഷൊര്‍ണൂരില്‍ വാര്‍ത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഷൊര്‍ണ്ണൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ് വിജയം നല്കിയ ആവേശത്തിലാണ് ജനകീയ വികസന സമിതി. ലോക്സഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് അടക്കം നാല് മണ്ഡലങ്ങളില്‍ ഇടതുപക്ഷ ഏകോപന സമിതി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞവര്‍ഷം ജുണിലായിരുന്നു, ഷൊര്‍ണൂര്‍ നഗരസഭ വൈസ് ചെയര്മാന് ആയിരുന്ന എം ആര് മുരളിയെ സി പി എമ്മില്‍ നിന്ന് പുറത്താക്കിയത്. നഗരസഭ വൈസ് ചെയര്മാന് സ്ഥാനം രാജി വയ്ക്കണമെന്ന സി പി എം ഒറ്റപ്പാലം ഏരിയാ കമ്മിറ്റിയുടെ ആവശ്യം നിരസിച്ചതിനായിരുന്നു മുരളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
എന്നാല്‍, കഴിഞ്ഞ ഡിസംബറില്‍ നടന്ന ഷൊര്‍ണൂര്‍ നഗരസഭ ഉപതെരഞ്ഞെടുപ്പില്‍ എം ആര് മുരളി നേതൃത്വം നല്കിയ ജനകീയവികസനസമിതി ഭൂരിപക്ഷം നേടി വിജയിച്ചിരുന്നു. ഇതോടെയായിരുന്നു, എം ആര് മുരളിയും, ജനകീയ വികസനസമിതിയും കേരള രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രങ്ങളാകാന്‍ തുടങ്ങിയത്.