ഊണില്ല: ഊട്ടുപുരയില്‍ പ്രതിഷേധം

കോഴിക്കോട്| WEBDUNIA| Last Modified വെള്ളി, 15 ജനുവരി 2010 (17:07 IST)
PRO
സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിന്‍റെ സുവര്‍ണ്ണജൂബിലിപ്പതിപ്പ് വിശക്കുന്ന വയറുകളുടെ പ്രതിഷേധത്തിനും സാക്‍ഷ്യം വഹിച്ചു. നിശ്ചിത സമയത്തിനും ഒരു മണിക്കൂര്‍ മുന്‍‌പുതന്നെ അപ്രതീക്ഷിതമായി ഉച്ചയൂണ് തീര്‍ന്നതാണ് വാക്കേറ്റത്തിനും പ്രതിഷേധത്തിനും ഇടയാക്കിയത്.

സംഭവം ഒരു വിഭാഗം വിദ്യാര്‍ത്ഥികളെയും മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെയും യുവജനോത്സവത്തിന്‍റെ അവസാന ദിനം ഉച്ചപ്പട്ടിണിയിലാക്കി. മോഡല്‍ സ്കൂളിലെ ഊട്ടുപുരയിലായിരുന്നു പ്രതിഷേധം. മൂന്ന് മണിവരെയാണ് ഉച്ചഭക്ഷണം അനുവദിച്ചിരുന്നത്. എന്നാല്‍ രണ്ട്മണിയായപ്പോഴേക്കും ഭക്ഷണം തീരുകയായിരുന്നു. അതുവരെ മത്സരത്തിരക്കിലായിരുന്ന ഒരു വിഭാഗം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വിശന്നുവലഞ്ഞ് ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഊണ് കാലിയായി എന്നറിഞ്ഞത്.

എന്നാല്‍ ഇക്കാര്യം തുറന്നുപറയുന്നതിന് പകരം ഊട്ടുപുരയിലേക്കുള്ള പ്രവേശനം നിഷേധിക്കുകയായിരുന്നു ചുമതലക്കാര്‍ ചെയ്തതെന്ന് വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി. ഇതാണ് പ്രതിഷേധം ഉയരാന്‍ കാരണമായതും. വിഷയം മൈക്കില്‍ കൂടി അനൌണ്‍സ് ചെയ്യാന്‍ സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും ചുമതലക്കാര്‍ തയ്യാറായില്ല. തുടര്‍ന്നാണ് വാക്കുതര്‍ക്കമുണ്ടായത്. ഊട്ടുപുരയ്ക്ക് പുറത്തുണ്ടാ‍യിരുന്ന പൊലീസുകാരാണ് ഭക്ഷണം തീര്‍ന്നതായി വിദ്യാര്‍ത്ഥികളെ അറിയിച്ചുകൊണ്ടിരുന്നത്.

രണ്ടുമണി കഴിഞ്ഞതിനാല്‍ പുറത്തുള്ള ഹോട്ടലുകളിലും ഭക്ഷണം കഴിഞ്ഞിരുന്നു. പലരും പിന്നീട് പഴങ്ങളും മറ്റും കഴിച്ച് വിശപ്പടക്കുകയായിരുന്നു. ടാഗോര്‍ സെന്‍റിനറി ഹാളിലും ഗവണ്മെന്‍റ് മോഡല്‍ ഹൈസ്കൂളിലും ആണ് കലോത്സവത്തിന്‍റെ ഊട്ടുപുരകള്‍ സജ്ജമാക്കിയിരുന്നത്. ആഹാരത്തിനായി കൂപ്പണുകളും നല്‍കിയിരുന്നു. എന്നാല്‍ കൂപ്പണില്ലാത്തവര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടാണെന്നും മറ്റും പറഞ്ഞ് ഭക്ഷണഹാളിലെത്തുന്നത് പതിവായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :