പുറത്താക്കിയാല്‍ സന്തോഷം; കൂടുതല്‍ ശക്തനാകുമെന്നും പിള്ള

പത്തനാപുരം| Last Updated: ചൊവ്വ, 20 ജനുവരി 2015 (16:55 IST)
ഉമ്മന്‍ ചാണ്ടിയെ കണ്ടത് കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 28ന് രാത്രിയിലാണെന്ന് ആര്‍ ബാലകൃഷ്‌ണപിള്ള. ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലെ ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പിള്ള പറഞ്ഞു. പത്തനാപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു ഡി എഫില്‍ നിന്ന് പുറത്താക്കുകയാണെങ്കില്‍ അത് സന്തോഷത്തോടെ സ്വാഗതം ചെയ്യും. കെ എം ജോര്‍ജിനെയും പി ടി ചാക്കോയെയും പുറത്താക്കിയവര്‍ക്ക് തന്നെ പുറത്താക്കാനാണോ വിഷമമെന്നും അദ്ദേഹം ചോദിച്ചു. യു ഡി എഫില്‍ നില്‍ക്കുന്നതിനേക്കാള്‍ പുറത്തു നില്‍ക്കുമ്പോള്‍ ആയിരിക്കും താന്‍ കൂടുതല്‍ ശക്തനായിരിക്കുക എന്നും പിള്ള പറഞ്ഞു.

യു ഡി എഫിലെ യജമാനന്മാരാണ് പുറത്താക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നത്. ബാര്‍കോഴ സംബന്ധിച്ച് ബിജു രമേശ് ആരോപണം ഉന്നയിക്കുന്നതിനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഉമ്മന്‍ ചാണ്ടിയെ കണ്ടത്. ബിജു രമേശ് ആരോപണം ഉന്നയിച്ചതിനു ശേഷം ഉമ്മന്‍ ചാണ്ടിയുമായി കണ്ടിട്ടില്ലെന്നും പിള്ള വ്യക്തമാക്കി.

യു ഡി എഫ് ഉണ്ടാക്കിയത് താനും കൂടി ചേര്‍ന്നാണ്. അതുകൊണ്ട്, ഇറങ്ങിപ്പോകാന്‍ വികാരപരമായി ചില ബുദ്ധിമുട്ടുകളുണ്ട്. അതുകൊണ്ടു തന്നെ പുറത്താക്കുകയാണെങ്കില്‍ അത് സന്തോഷപൂര്‍വം സ്വാഗതം ചെയ്യും. അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും പിള്ള പറഞ്ഞു.

മുന്നോക്ക വികസന കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഉപേക്ഷിക്കുന്നതില്‍ മടിയില്ലെന്നും പിള്ള വ്യക്തമാക്കി. ഗണേഷിനെ തനിക്കെതിരെ തിരിച്ചത് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമാണെന്നും അദ്ദേഹം ആരോപിച്ചു. കൊട്ടാരക്കരയില്‍ തനിക്ക് സ്വാതന്ത്ര്യമുള്ള ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലും കഴിയാറില്ലെന്നും പിള്ള പറഞ്ഞു.

പരുമല പള്ളിയില്‍ പോയി സത്യമിടാന്‍ ഉമ്മന്‍ ചാണ്ടിയെ വെല്ലുവിളിക്കുന്നതായി പിള്ള ഇന്നും ആവര്‍ത്തിച്ചു. താന്‍ കള്ളം പറയാറില്ല. സത്യം ചിലപ്പോള്‍ പറയാതിരിക്കാം. എന്നാല്‍ കള്ളം പറയില്ലെന്നും പിള്ള പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :