ഉമ്മന്‍ ചാണ്ടി തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് പിസി ജോര്‍ജ്

ഈരാറ്റുപേട്ട| WEBDUNIA|
PRO
PRO
ഉമ്മന്‍ ചാണ്ടി തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് പിസി ജോര്‍ജ്. ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ചന്തകളാണ് തന്നെ തടഞ്ഞത്. എ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ചന്തകളാണ് തന്നെ തടയാന്‍ ശ്രമിച്ചത്. ആന്റോ ആന്റണിയുടെ പണം കൊടുത്തിറക്കിയ ചന്തകളാണ് ഇവര്‍. ഉമ്മന്‍ ചാണ്ടിക്ക് ജയ് വിളിക്കുന്നവരാണ് തടയാന്‍ ശ്രമിച്ചത്. അവരുടെ നേതാക്കന്മാരുടെ സ്വഭാവത്തിന് ചേര്‍ന്ന ചന്തകളാണിവര്‍.

താന്‍ ജനിച്ചു വളര്‍ന്ന ഈരാറ്റുപേട്ടയില്‍ തന്നെ തടയുമെങ്കില്‍ അതൊന്നു കാണണമെന്നും അദ്ദേഹം പറഞ്ഞു. ജോര്‍ജിന്റെ പിറകെ നടന്ന് ശല്യപ്പെടുത്തരുതെന്ന് കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി ഉമ്മന്‍ ചാണ്ടിയെ വിളിച്ച് ഔദ്യോഗികമായി അറിയിച്ചിരുന്നുവെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഉമ്മന്‍ ചാണ്ടിയെ വെല്ലുവിളിക്കാന്‍ ജോര്‍ജ് വളര്‍ന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ പറഞ്ഞു.

ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോര്‍ജിനെ തടഞ്ഞതിനെത്തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോര്‍ജിന്റെ കോലം കത്തിക്കവെ പി സി ജോര്‍ജ് ഇവിടേക്ക് എത്തുകയായിരുന്നു. പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞതോടെ ജോര്‍ജ് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി. തുടര്‍ന്ന് ജോര്‍ജും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം ഉണ്ടായി.

പതിനഞ്ച് മിനിറ്റോളം വാക്കേറ്റം നീണ്ടു. ഇതിന് ശേഷം യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരും ജോര്‍ജിന് അഭിവാദ്യം അര്‍പ്പിച്ച് സ്ഥലത്തെത്തി. തുടര്‍ന്ന് ഇരുപ്രവര്‍ത്തകരും റോഡിന്റെ ഇരുവശത്തും നിലയുറപ്പിച്ച് മുദ്രാവാക്യം വിളിച്ചു. ഇതിനിടെ സ്ഥലത്ത് ജോര്‍ജ് കസേര ഇട്ട് കുത്തിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :