മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരുടെ ജാമ്യാപേക്ഷ തള്ളി. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നല്‍കിയാല്‍ വിചാരണ വേളയില്‍ പ്രതികളുടെ സാന്നിധ്യം ഉറപ്പാക്കാനാകില്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.
രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പര്യം അനുസരിച്ച് കേസില്‍ വിചാരണ എത്രയും വേഗം ആരംഭിക്കുന്നതാണ് നല്ലതെന്ന് ജാമ്യാപേക്ഷ പരിഗണിക്കവേ ജഡ്ജി രാജന്‍ അഭിപ്രായപ്പെട്ടു. കടല്‍ക്കൊല കേസ് പരിഗണിക്കുന്ന കൊല്ലം സി ജെ എം കോടതി ഇറ്റാലിയന്‍ നാവികരുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. നാവികരുടെ റിമാന്റ് കാലാവധി മെയ് 25 വരെ നീട്ടുകയും ചെയ്തു. തുടര്‍ന്നാണ് നാവികര്‍ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്.
ഫെബ്രുവരി പതിനാറിനാണ് കൊല്ലം നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികളുടെ നേരെ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചിരുന്നു. കന്യാകുമാരി സ്വദേശികളായ പിങ്കു, ജലാസ്റ്റിന്‍ എന്നിവരാണ് മരിച്ചത്.