ഇന്ദുവിന്‍റേത് കരുതിക്കൂട്ടി നടത്തിയ കൊലപാതകം?

തിരുവനന്തപുരം‌| WEBDUNIA|
PRO
ഗവേഷകയായ ഇന്ദുവിന്‍റെ മരണത്തില്‍ ദുരൂഹതയേറുന്നു. മരണദിവസം ഇന്ദു യാത്ര ചെയ്ത ട്രെയിനില്‍ പ്രതിശ്രുതവരന്‍ അഭിഷേകും ടിക്കറ്റെടുത്തിരുന്നതായി വിവരം ലഭിച്ചു. എന്നാല്‍ അഭിഷേക് ട്രെയിനില്‍ യാത്ര ചെയ്തിരുന്നില്ല. പകരം മറ്റൊരാളാണ് യാത്ര ചെയ്തത്!

അഭിഷേകിന് പകരം ആരാണ് ട്രെയിനില്‍ യാത്ര ചെയ്തതെന്ന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ദുവിന്‍റേത് മുങ്ങിമരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വെളിവായിട്ടുണ്ട്. എന്നാല്‍ ഇന്ദുവിന്‍റെ മൃതശരീരത്തിന്‍റെ മുഖത്തും പുറത്തുമുള്ള ചുവന്ന പാടുകള്‍ സംശയത്തിനിടയാക്കുന്നു. കരുതിക്കൂട്ടി നടത്തിയ ഒരു കൊലപാതകമാണോ എന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഇന്ദുവിന്‍റെ മരണം ഇനി അന്വേഷിക്കാന്‍ പോകുന്നത് ക്രൈംബ്രാഞ്ചാണ്.

എന്തിനാണ് ഇന്ദു സഞ്ചരിച്ച അതേ ട്രെയിനില്‍ അഭിഷേക് ടിക്കറ്റെടുത്തതെന്ന ചോദ്യമാണ് ബാക്കിയാകുന്നത്. സുഭാഷുമായുള്ള ഇന്ദുവിന്‍റെ ബന്ധത്തില്‍ അഭിഷേകിന് സംശയങ്ങളുണ്ടായിരുന്നു എന്നാണ് വിവരം.

ഇതോടെ ഈ കേസ് പുതിയ മാനം കൈവരിക്കുകയാ‍ണ്. ഇന്ദുവിന്‍റേത് ആത്മഹത്യയാണെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ കൊലപാതകമാകാനുള്ള സാധ്യത പൊലീസ് ഇപ്പോള്‍ തള്ളിക്കളയുന്നില്ല. സുഭാഷിനെയാണ് പ്രധാനമായും സംശയിച്ചിരുന്നത്. സുഭാഷിനെ കൂടാതെ അഭിഷേകും ഇപ്പോള്‍ സംശയത്തിന്‍റെ നിഴലിലായിരിക്കുന്നു.

അതേസമയം, ഇന്ദുവിനെ സുഭാഷ് കൊലപ്പെടുത്തിയതാണെന്ന് ഇന്ദുവിന്‍റെ മാതാപിതാക്കള്‍ ആരോപിച്ചു. സുഭാഷിനെ ചോദ്യം ചെയ്താല്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കുമെന്നും അവര്‍ പറഞ്ഞു. വിവാഹാലോചന തുടങ്ങിയപ്പോള്‍ ‘അഭിഷേകിനെ വിവാഹം ചെയ്തു തരണം’ എന്ന് ഇന്ദുവാണ് ആവശ്യപ്പെട്ടതെന്നും അങ്ങനെയാണ് കല്യാണം നിശ്ചയിച്ചതെന്നും ഇന്ദുവിന്‍റെ മാതാപിതാക്കള്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :