ഇടുക്കി, വയനാട് ജില്ലകളില്‍ ഹര്‍ത്താല്‍ തുടങ്ങി

കോഴിക്കോട്| WEBDUNIA|
PRO
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി, വയനാട് ജില്ലകളിലും കോട്ടയത്തെ അഞ്ച് പഞ്ചായത്തുകളിലും മലപ്പുറത്തെ മൂന്ന് നിയോജകമണ്ഡലങ്ങളിലും കണ്ണൂരിലെ ആറളത്തും പത്തനംതിട്ടയിലെ റാന്നി, കോന്നി താലൂക്കുകളിലും ശനിയാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ എല്‍ഡിഎഫ് ഹര്‍ത്താല്‍.

രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം വിതരണത്തെ ഒഴിവാക്കിയിട്ടുണ്ട്. വിവാഹ സംഘത്തെയും ആശുപത്രിയിലേക്കുള്ള വാഹനങ്ങളും തടയില്ല.

കളക്ടറേറ്റിന് മുന്നില്‍ വിവിധ ആവശ്യങ്ങളുമായി പ്രീ പ്രൈമറി അധ്യാപികമാര്‍ നടത്തുന്ന നിരാഹാരത്തോട് അനുഭാവം പ്രകടിപ്പിച്ചുകൂടിയാണ് വയനാട്ടില്‍ ഹര്‍ത്താല്‍ ആചരിക്കുന്നതെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ വിമോഹനന്‍ പറഞ്ഞു.

പരീക്ഷയ്ക്ക് വിദ്യാര്‍ഥികളെ കൊണ്ടുപോവുന്ന വാഹനങ്ങളും തിരുനെല്ലി കുംഭം വാവുബലിക്കെത്തുന്നവരുടെയും പൊന്‍കുഴി ക്ഷേത്രത്തില്‍ ബലിയിടാന്‍ പോകുന്നവരുടെയും വാഹനങ്ങളും തടയില്ല.

ഇടുക്കിയില്‍ എല്‍.ഡി. ക്ലര്‍ക്ക് തസ്തികയിലേക്ക് ജീവനക്കാര്‍ക്കുള്ള പി.എസ്.സി. പരീക്ഷ കട്ടപ്പനയില്‍ മാറ്റമില്ലാതെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കോട്ടയം ജില്ലയുടെ മേലുകാവ്, പൂഞ്ഞാര്‍, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍ പഞ്ചായത്തുകളിലും മലപ്പുറത്ത് നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളിലുമാണ് ഹര്‍ത്താല്‍.

ഇടുക്കിയിലെ ഹൈറേഞ്ച് മേഖലകളില്‍ ഹര്‍ത്താല്‍ ഏതാണ്ട് പൂര്‍ണമാണ്. എന്നാല്‍ തൊടുപുഴ, മൂലമറ്റം മേഖലകളില്‍ ഒാട്ടോയും സ്വകാര്യവാഹനങ്ങളും ഓടുന്നുണ്ട്.

വയനാട്ടില്‍ ലോറി, സ്വകാര്യ വാഹനങ്ങള്‍ തുടങ്ങി ഒറ്റപ്പെട്ട വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്നുണ്ട് .കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ കോണ്‍ഗ്രസ് നിലപാട് ആത്മാര്‍ത്ഥമെങ്കില്‍ വിജ്ഞാപനം പിന്‍വലിക്കണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :