ഇടത് സര്‍ക്കാരിനെതിരെ ട്വിറ്ററില്‍ തരൂര്‍

ചെന്നൈ| WEBDUNIA|
PRO
PRO
കേരളത്തിലെ ഇടതുസര്‍ക്കാരിനെതിരെ ട്വിറ്റര്‍ യുദ്ധവുമായി കേന്ദ്രമന്ത്രി ശശി തരൂര്‍ രംഗത്ത്. തിരുവനന്തപുരത്തെ മനസികാരോഗ്യ കേന്ദ്രത്തിന്‍റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന രാഷ്‌ട്രീയ നിലപാടാണ് തരൂരിനെ ചൊടിപ്പിച്ചിരിക്കുന്നത്.

“ആരോഗ്യ പ്രശ്‌നങ്ങളെ രാഷ്‌ട്രീയവല്‍ക്കരിക്കുന്നത് വളരെ ദു:ഖകരമായ സംഗതിയാണ്. 125 വര്‍ഷം പഴക്കമുള്ള തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ പദവി ഉയര്‍ത്തുന്നതിന് നിരവധി ശുപാര്‍ശകള്‍ ഇതിനകം തന്നെ വന്നിട്ടുണ്ടെങ്കിലും ഇടത് സര്‍ക്കാര്‍ പണം വകമാറ്റി ചിലവഴിക്കുകയാണെന്ന്” തരൂര്‍ തന്‍റെ ട്വിറ്റര്‍ പോസ്റ്റില്‍ എഴുതുന്നു.

തിരുവനന്തപുരം മാനസികരോഗ്യ കേന്ദ്രത്തിന് ഫണ്ട് അനുവദിക്കുന്നതിന് തയ്യാറായ കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദിന് തരൂര്‍ ട്വീറ്ററിലൂടെ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. കാണ്‍‌പൂരില്‍ ഒരു ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകുന്ന വഴിക്കാണ് ട്വീറ്റ് ചെയ്യുന്നതെന്നും തരൂര്‍ തന്റെ പോസ്റ്റില്‍ പറയുന്നു.

എന്നാല്‍, കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രമായ ഇംഹാന്‍സിന് കേന്ദ്ര ഫണ്ട് ലഭിക്കേണ്ട ഫണ്ട് കേന്ദ്രമന്ത്രി ഇടപെട്ട് അട്ടിമറിച്ചു എന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം. കേന്ദ്രസര്‍ക്കാര്‍ കോഴിക്കോടിനുള്ള ഫണ്ട് തിരുവനന്തപുരത്തിനു നല്‍കുന്നതിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് നല്‍കിയിട്ടില്ല എന്നും സംസ്ഥാന ആരോഗ്യമന്ത്രി പി കെ ശ്രീമതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നേരത്തെ കന്നുകാലി ക്ലാസ് വിവാദം വന്നപ്പോള്‍ ഇടതുപാര്‍ട്ടികള്‍ തരൂരിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. കന്നുകാലി ക്ലാസ് വിവാദം ആറിത്തണുത്തിരിക്കേയാണ് ഇടതിനെതിരെ രൂക്ഷവിമര്‍ശനവുമായി തരൂര്‍ ട്വിറ്ററില്‍ എത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :