ഇ-മെയില്‍: എസ് ഐക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം| WEBDUNIA|
ഇ-മെയില്‍ വിവാദത്തില്‍ പൊലീസില്‍ നിന്ന് രേഖകള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയ എസ് ഐക്കെതിരെ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. എസ് ഐ എസ് ബിജുവിന് തീവ്രവാദ ബന്ധമുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. എസ്‌ ബിജുവിനെ ഹൈടെക്ക് സെല്ലില്‍ നിയമിച്ചത്‌ ആരുടെ സമ്മര്‍ദപ്രകാരമാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയും ഡി ജി പി ജേക്കബ് പുന്നൂസും വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എസ്‌ ബിജുവിന്റെ യഥാര്‍ഥ പേര്‌ ബിജു സലിം എന്നാണ്‌. ഇയാള്‍ അബ്ദുല്‍ നാസര്‍ മദനിയുടെ ക്യാംപിലെ സ്ഥിരം അംഗമായിരുന്നെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മദനി ജയിലില്‍ പോയതിന് ശേഷം ജമാഅത്തെ ഇസ്‌ലാമി പോലുള്ള സംഘടനകളുമായി ബന്ധപ്പെട്ടാണു ഇയാള്‍ പ്രവര്‍ത്തിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇ-മെയില്‍ വിവാദത്തില്‍ ഹൈടെക്‌ സെല്‍ സബ് ഇന്‍സ്പെക്ടര്‍ എസ്‌ ബിജുവിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. മാധ്യമങ്ങള്‍ക്ക്‌ കൃത്രിമമായി രേഖകള്‍ ഉണ്ടാക്കി നല്‍കിയെന്ന് ആരോപിച്ചാണ് ഇയാളെ സസ്പെന്‍ഡ് ചെയ്തത്. ഇ-മെയിലുകള്‍ ചോര്‍ത്തുന്നുവെന്ന രഹസ്യ രേഖ പുറത്തായത്‌ തിരുവനന്തപുരം പൊലീസ്‌ ആസ്ഥാനത്തെ ഹൈടെക്‌ സെല്ലില്‍ നിന്നാണെന്ന്‌ കണ്ടെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :