ആശാന്‍ അവാര്‍ഡ് വാങ്ങാന്‍ അയ്യപ്പനില്ല

ചെന്നൈ| WEBDUNIA| Last Modified വെള്ളി, 22 ഒക്‌ടോബര്‍ 2010 (13:03 IST)
PRO
അവാര്‍ഡുകളുടെ പെരുക്കങ്ങള്‍ അയ്യപ്പനെന്ന് കവിയെ തേടിയെത്തിയിട്ടില്ലെങ്കിലും ഒടുവില്‍ ഒരു നിമിത്തം പോലെ എത്തിച്ചേര്‍ന്ന ആശാന്‍ പുരസ്‌കാരം സ്വീകരിയ്‌ക്കാന്‍ ഇനി അയ്യപ്പന്‍ വരില്ല. ഈ വര്‍ഷത്തെ ആശാ‍ന്‍ പുരസ്‌കാരം തനിക്ക് ലഭിച്ചതില്‍ ഏറെ സന്തോഷവാനായിരുന്നു അയ്യപ്പന്‍ ഒടുവില്‍ പുറത്തിറങ്ങിയ അഭിമുഖത്തിലും ആ സന്തോഷം പ്രകടമാക്കിയിരുന്നു. എന്നാല്‍ മൃത്യു മറ്റൊരു ലോകത്തിലെത്തിച്ച കവി അയ്യപ്പനിനി ചെന്നൈയിലേക്ക് ട്രെയിന്‍ കയറാന്‍ ആകില്ലല്ലോ!

ആശാന്‍ അവാര്‍ഡ് വാങ്ങാനായി ചെന്നൈയില്‍ എത്തണമെന്ന് ആശാന്‍ സ്മാരക സമിതി അയ്യപ്പനോട് അപേക്ഷിച്ചപ്പോള്‍ തനിക്ക് മാത്രം ടിക്കറ്റ് തന്നാല്‍ പറ്റില്ലെന്നും സഹോദരനും സഹോദരന്റെ ഭാര്യക്കും ടിക്കറ്റ് എടുത്തുതരണമെന്ന് അയ്യപ്പന്‍ ആവശ്യപ്പെട്ടിരുന്നു. എല്ലാവര്‍ക്കും ടിക്കറ്റ് എടുത്തുതന്നില്ലെങ്കില്‍ അവാര്‍ഡ് വാങ്ങാന്‍ താന്‍ വരില്ലെന്നും അയ്യപ്പന്‍ കെറുവിക്കുകയുണ്ടായി. ആശാന്‍ സ്മാരക സമിതി അയ്യപ്പന്റെ ആവശ്യം അംഗീകരിക്കുകയും എല്ലാവര്‍ക്കും ടിക്കറ്റ് മുന്‍‌കൂട്ടി റിസര്‍വ് ചെയ്യുകയും ചെയ്തു.

ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആശാന്‍ സ്‌മാരക സമിതി ശനിയാഴ്ചയാണ് അവാര്‍ഡ് ദാന ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ഘട്ടത്തിലാണ് ദുര്‍വിധി പോലെ അയ്യപ്പനെ മരണം തട്ടിയെടുത്തത്. കുറച്ച് നാള്‍ മുമ്പ് കടുത്ത കരള്‍ രോഗത്തെ തുടര്‍ന്ന് അവശ നിലയിലാരുന്ന അയ്യപ്പന്‍, ജീവിതത്തിലേയ്‌ക്ക് തന്റെ കവിത പോലെ തന്നെ മടങ്ങിവരികയായിരുന്നു. പക്ഷെ പച്ച മുഴുവന്‍ ചോര്‍ന്ന് പോയ ഒരില പോലെ നിശബ്‌ദനായി ആരുമറിയാതെ അയ്യപ്പന്‍ ഇറങ്ങിപ്പോയി, അവധൂതനായി തന്നെ.

ശനിയാഴ്ച അയ്യപ്പനെ കാണാനും കവിത കേള്‍‌ക്കാനും കാത്തിരുന്ന ചെന്നൈയിലെ സാഹിത്യകുതുകികള്‍ ഞെട്ടലോടെയാണ് അയ്യപ്പന്‍ അന്തരിച്ച വിവരം അറിഞ്ഞത്. അവാര്‍ഡ് വാങ്ങാന്‍ അയ്യപ്പനില്ലാത്ത സാഹചര്യത്തില്‍ അവാര്‍ഡ് ദാനച്ചടങ്ങ് അനുശോചനയോഗമാക്കി മാറ്റാന്‍ ആശാന്‍ സ്മാരക സമിതി തയ്യാറെടുക്കുകയാണ് എന്നറിയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :