ആറന്‍‌മുളയില്‍ എന്തും നേരിടാന്‍ തയ്യാര്‍: കുമ്മനം

പത്തനംതിട്ട| WEBDUNIA|
PRO
ആറന്‍‌മുള വിമാനത്താവളം വരാതിരിക്കാനായി ഏത് സാഹചര്യത്തെയും നേരിടാന്‍ ജനങ്ങള്‍ തയ്യാറാണെന്ന് പൈതൃകഗ്രാമ കര്‍മ്മസമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന്‍. നിയമലംഘനങ്ങളുടെ നീണ്ട പട്ടിക മാത്രം സ്വന്തമായുള്ള സ്വകാര്യ കമ്പനി ആറന്മുളയിലെ നീര്‍ച്ചാലുകളും നെല്‍വയലുകളും നികത്തി ഭൂമി തട്ടിപ്പ്‌ നടത്തുവാന്‍ ശ്രമിച്ചാല്‍ എന്തു വില കൊടുത്തും നേരിടാന്‍ ജനങ്ങള്‍ പൂര്‍ണ്ണസജ്ജമാണെന്ന് കുമ്മനം അറിയിച്ചു.

കര്‍മ്മസമിതി കോഴഞ്ചേരി മേഖലാ കണ്‍വെന്‍ഷന്‍ വിജയാനന്ദ വിദ്യാപീഠത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തു വന്നാലും ആറന്മുളയില്‍ വിമാനം ഇറക്കുമെന്നുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധാര്‍ഷ്ട്യത്തെ ചെറുത്തു തോല്‍പ്പിക്കുവാനുള്ള ധൈര്യവും സമര്‍പ്പണവും ഉള്ള സമരഭടന്മാരായിത്തീരുവാന്‍ അദ്ദേഹം പ്രവര്‍ത്തകരോട്‌ ആവശ്യപ്പെട്ടു.

ആറന്മുളയിലെ ജനങ്ങളുടെ കര്‍ത്തവ്യം തങ്ങളുടെ നാടിന്റെ പൈതൃകം സംരക്ഷിക്കുവാനുള്ള കാവല്‍ഭടന്മാരാകുക എന്നുള്ളതാണെന്നും അത്‌ ഒരായുസ്സിന്റെ കടമയായി കരുതി പൂര്‍ത്തീകരിക്കണമെന്നും കണ്‍വെന്‍ഷനില്‍ അനുഗ്രഹ പ്രഭാഷണം നടത്തിയ തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി ശ്രീമദ്‌ സ്വാമി ഗോലോകാനന്ദ മഹരാജ്‌ പറഞ്ഞു.

കോഴഞ്ചേരി, റാന്നി, മല്ലപ്പള്ളി, തിരുവല്ല എന്നീ താലൂക്കുകളിലെ പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചാണ്‌ കര്‍മ്മസമിതിയുടെ കോഴഞ്ചേരി മേഖലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :