ആര്‍എസ്എസ് വേദിയില്‍; പത്മലോചനന് സസ്പെന്‍ഷന്‍

കൊല്ലം| WEBDUNIA|
PRO
PRO
പാര്‍ട്ടി അനുമതിയില്ലാതെ ആര്‍ എസ് എസ് വേദിയില്‍ പോയ കൊല്ലം മേയര്‍ എന്‍ പത്മലോചനനോട് മേയര്‍ സ്ഥാനം രാജിവെയ്ക്കാന്‍ ഇന്നു ചേര്‍ന്ന സി പി എം ജില്ലാകമ്മിറ്റി നിര്‍ദ്ദേശിച്ചു. ഇന്നു ചേര്‍ന്ന സി പി എം ജില്ലാ സെക്രട്ടേറിയേറ്റ് മേയര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന തീരുമാനത്തിലെത്തിയിരുന്നു. തുടര്‍ന്നു ചേര്‍ന്ന ജില്ലാകമ്മിറ്റി യോഗത്തിലാണ് തീരുമാനം.

മേയര്‍ സ്ഥാനത്തു നിന്ന് നീക്കി എന്‍ പത്മലോചനനെ പാര്‍ട്ടിയില്‍ തരം താഴ്ത്താനാണ് നീക്കം നടക്കുന്നത്. ആര്‍ എസ് എസ് വേദിയില്‍ പോയതില്‍ പത്മലോചനന്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും പാര്‍ട്ടി അതിലൊന്നും അലിഞ്ഞിട്ടില്ല എന്നു വ്യക്തമാക്കുന്നതാ‍ണ് തീരുമാനം. പാര്‍ട്ടിയെ ഖേദം അറിയിക്കുന്നതിനു മുമ്പ് മാധ്യമങ്ങളിലൂടെ ഖേദം അറിയിച്ചതും പാര്‍ട്ടിയെ ചൊടിപ്പിച്ചിരുന്നു.

ഖേദം പ്രകടിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലം കളക്ടറേറ്റ്, എ ആര്‍ ക്യാമ്പ് പരിസരങ്ങളില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നു. ആര്‍ എസ് എസ് നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ട മേയറെ പുറത്താക്കുക, മേയറുടെ മകളുടെ ആര്‍ എസ് എസ് ബന്ധം അവസാനിപ്പിക്കുക, ആര്‍ എസ്‌ എസുകാര്‍ കൊലപ്പെടുത്തിയ സി പി എം പ്രവര്‍ത്തകരുടെ കുടുംബത്തിന്‍റെ കണ്ണീരൊപ്പുക തുടങ്ങിയവയാണ് പോസ്റ്ററുകളിലെ ആവശ്യങ്ങള്‍.

കഴിഞ്ഞ ദിവസമാണ്‌ മേയര്‍ കൊല്ലത്ത്‌ നടന്ന ആര്‍ എസ്‌ എസ്‌ പ്രാന്തസാംഘിക്‌ പരിപാടിയുടെ സ്വാഗത സംഘം ഓഫീസ്‌ ഉദ്ഘാടനം ചെയ്‌തത്‌. പാര്‍ട്ടിയോടു ചോദിച്ചിട്ടോ അനുമതി വാങ്ങിയിട്ടോ അല്ല മേയര്‍ ആര്‍ എസ് എസിന്‍റെ പരിപാടിയില്‍ പങ്കെടുത്തതെന്ന് സി പി എം ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :