ആന്‍റണിയുടെ മകന് രാഷ്ട്രീയം വേണ്ട, സിനിമ മതി!

ആലപ്പുഴ| WEBDUNIA|
PRO
രാഷ്ട്രീയക്കാരുടെ മക്കള്‍ രാഷ്ട്രീയം തന്നെ ജീവിതവഴിയായി തെരഞ്ഞെടുക്കണമെന്നില്ല. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്‍റെ മകന്‍ ഇപ്പോള്‍ ബോളിവുഡിലെ ഏറ്റവും തിരക്കുള്ള ഹീറോകളില്‍ ഒരാളാണ്. പ്രമോദ് മഹാജന്‍റെ മകന്‍ രാഹുല്‍ മഹാജനും ഷോ ബിസിനസിന്‍റെ ഭാഗമാണ്. ഒ രാജഗോപാലിന്‍റെ മകന്‍ ശ്യാമപ്രസാദ് മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാള്‍. പഴയ മന്ത്രി ബാലകൃഷ്ണപിള്ളയുടെ മകന്‍ ഗണേഷ് കുമാര്‍ സിനിമാതാരവും സീരിയന്‍ നടനുമാണ്.

എം വി രാഘവന്‍റെ മകന്‍ നികേഷ്കുമാര്‍ മലയാളത്തിലെ ഏറ്റവും പ്രശസ്തനായ ദൃശ്യമാധ്യമപ്രവര്‍ത്തകന്‍. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരി അറിയപ്പെടുന്ന നടന്‍. എം എ ബേബിയുടെ മകനും ഒരു സിനിമയില്‍ അഭിനയിച്ചു. ഇനി കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്‍റണിയുടെ മകന്‍റെ ഊഴം. അതേ, ആന്‍റണിയുടെ മകന്‍ അജിത് പോള്‍ ആന്‍റണി ഒരു മലയാള ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നു.

‘നല്ലവന്‍’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ അജി ജോണ്‍ സംവിധാനം ചെയ്യുന്ന ‘ഒബ്‌റോയി’ എന്ന സിനിമയിലാണ് ആന്‍റണിയുടെ മകന്‍ നായകനാകുന്നത്. ആക്ഷനും പ്രണയത്തിനും പ്രാധാന്യമുള്ള ഈ സിനിമയില്‍ ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെയാണത്രേ അജിത് പോള്‍ ആന്‍റണി അവതരിപ്പിക്കുന്നത്. വടക്കേ ഇന്ത്യയിലെ പ്രമുഖ ബിസിനസ് കുടുംബത്തിന്‍റെ കഥയാണ് അജി ജോണ്‍ ‘ഒബ്‌റോയി’യില്‍ പ്രമേയമാക്കുന്നത്.

മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഒബ്‌റോയി പുറത്തിറങ്ങും. ഡല്‍ഹി സെന്‍റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് അജിത് സിനിമ കരിയറായി തെരഞ്ഞെടുത്തത്. അച്ഛന്‍റെയും അമ്മയുടെയും പൂര്‍ണ പിന്തുണയോടെയാണ് താന്‍ അഭിനയ രംഗത്തേക്ക് ഇറങ്ങുന്നതെന്ന് അജിത് അറിയിച്ചു.

ടെന്നിസും ബാസ്കറ്റ് ബോളും സ്വിമ്മിംഗും ഇഷ്ടപ്പെടുന്ന അജിത് പോള്‍ ആന്‍റണിക്ക് രാഷ്ട്രീയത്തിലും താല്‍പ്പര്യമുണ്ട്. ഗ്ലാഡിയേറ്റര്‍, ദി യൂഷ്വല്‍ സസ്പെക്ട്സ്, പി എസ് ഐ ലവ് യു, ജബ് വീ മെറ്റ്, ദേവ് ഡി, കുങ്ഫു പാണ്ഡ, ദി ഹാം‌ഗ് ഓവര്‍, വാട്ട് ഹാപ്പെന്‍സ് ഇന്‍ വേഗാസ്, റെയ്ന്‍‌മാന്‍ തുടങ്ങിയവയാണ് അജിത്തിന്‍റെ ഇഷ്ട സിനിമകള്‍.

ചിത്രത്തിന് കടപ്പാട് - അജിത് പോള്‍ ആന്‍റണിയുടെ ഫേസ്ബുക്ക് പേജ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :