അരുണ്‍ കുമാറിനെതിരെ പാര്‍ട്ടി അന്വേഷണമില്ല

ന്യൂഡല്‍ഹി| WEBDUNIA|
PTI
വിഎസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. യുഡിഎഫ് ഉന്നയിക്കുന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. തെളിവുണ്ടെങ്കില്‍ അതെ കുറിച്ച് അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി തന്നെ ഉറപ്പ് നല്‍കിയിട്ടുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ പാര്‍ട്ടിയെ ആര് നയിക്കും എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം നല്‍കിയില്ല. വിഎസ് സ്ഥാനാര്‍ത്ഥിയാവുമോ എന്ന് സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിക്കുന്നത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേരളത്തിലേക്ക് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പശ്ചിമ ബംഗാളില്‍ ബുദ്ധദേവ് ഭട്ടാചാര്യ തന്നെയായിരിക്കും പാര്‍ട്ടിയെ നയിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്.

നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കും. സ്ഥാനാര്‍ഥികളെ എത്രയും പെട്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്യും. കേന്ദ്ര സര്‍ക്കാരിന്റെ അഴിമതിയും വിലക്കയറ്റവും തെരഞ്ഞെടുപ്പില്‍ പ്രചരണായുധമാക്കുമെന്നും കാരാട്ട് പറഞ്ഞു. കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2ജി സ്പെക്‍ട്രം ഇടപാടില്‍ നഷ്ടം വന്ന തുക തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ ഇടപാടില്‍ കുറ്റാരോപിതനായ എ രാജയ്ക്കുടെ കീഴില്‍ ടെലികോം സെക്രട്ടറിയായി പ്രവര്‍ത്തിച്ച പി ജെ തോമസിനെ കേന്ദ്ര വിജിലന്‍സ് കമ്മിഷണറാക്കിയതില്‍ അപാകതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിവിസി നിയമനത്തിലും 2ജി സ്പെക്‍ട്രം അഴിമതിയിലും പ്രധാനമന്ത്രിക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റവിമുക്തനാകുമെന്ന് ഉറപ്പുള്ളതായും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതെക്കുറിച്ച് പാര്‍ട്ടി ജനങ്ങളോട് എല്ലാം വിശദീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :