അയ്യപ്പനോട് കാണിച്ചത് അനാദരവ്: അഴീക്കോട്

തിരുവനന്തപുരം| WEBDUNIA|
PRO
മലയാ‍ളത്തിലെ പ്രശസ്തകവി എ അയ്യപ്പന്‍റെ സംസ്കാരച്ചറ്റങ്ങ് മാറ്റിവെച്ചത് സാംസ്കാരിക വകുപ്പിന്‍റെ ധിക്കാരമാണെന്ന് സാഹിത്യകാരന്‍ സുകുമാര്‍ അഴീക്കോട്. അയ്യപ്പന്‍ അനാഥനല്ലെന്നും അദ്ദേഹം പറഞ്ഞു.

നാളെ നിശ്ചയിച്ചിരുന്ന അയ്യപ്പന്‍റെ സംസ്കാരം ചൊവ്വാഴ്ചത്തേക്ക് മാറ്റിയതായി സാംസ്കാരികവകുപ്പ് പ്രഖ്യാപിച്ചിരുന്നു. സാംസ്കാരിക വകുപ്പിന്‍റെ ഈ നടപടിക്കെതിരെയാണ് അഴീക്കോട്‌ പ്രതികരിച്ചിരിക്കുന്നത്.

അയ്യപ്പന്‍റെ സംസ്കാരം ഇനി ജനങ്ങള്‍ നടത്തുമെന്നും സര്‍ക്കാരിന്‍റെ സൗകര്യം നോക്കിയല്ല കവിയുടെ സംസ്കാരം നടത്തേണ്ടത്. ശവസംസ്കാരം മാറ്റിവെച്ചത് അദ്ദേഹത്തിന്‍റെ മൃതദേഹത്തോടു കാണിച്ച അനാദരവാണ്. നാട്ടില്‍ നടപ്പില്ലാത്ത സംഭവമാണിത്. ഒരു വ്യക്തി മരിച്ചാല്‍ ആ വ്യക്തിയോടു ചെയ്യുന്ന ഏറ്റവും വലിയ ബഹുമാനം ശവശരീരം എത്രയും വേഗം മണ്ണിനോടു ചേര്‍ക്കുക എന്നതാണ്.

അടുത്ത ബന്ധുക്കള്‍ നാട്ടിലില്ലെങ്കില്‍ പോലും അവര്‍ക്കു വേണ്ടി കാത്തിരിക്കുന്നതിന് അതിരുണ്ട്. ഇവിടെ ഭാവനാസൃഷ്ടമായ ചില അസൗകര്യങ്ങള്‍ പറഞ്ഞു നീട്ടിവക്കുന്നതു മൃതദേഹത്തോടു കാണിക്കുന്ന അക്ഷന്തവ്യമായ അപരാധമാണ്. ഇത് ഒരിക്കലും പൊറുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു അനാഥ ശവത്തോടു കാണിക്കുന്നതു പോലുളള ക്രൂരതയാണിത്. അയ്യപ്പന്‍ അനാഥനാണെന്നു സര്‍ക്കാര്‍ ധരിക്കരുത്. കേരളത്തിലെ മുഴുവന്‍ എഴുത്തുകാരും വായനക്കാരും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളാണ്. ആ കുടുംബത്തിലെ ഒരാളെന്ന നിലയിലാണ് താന്‍ ഇത് പറയുന്നതെന്നും അഴിക്കോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :