അമ്പലപ്പുഴ: പ്രതികള്‍ റിമാന്‍ഡില്‍

ആലപ്പുഴ| WEBDUNIA|
അമ്പലപ്പുഴയില്‍ മൂന്നു സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ രണ്ട് സഹപാ‍ഠികളെ കോടതി 14 ദിവസത്തേക്ക് റിമാ‍ന്‍ഡ് ചെയ്തു. ബുധനാഴ്ചയാണ്‌ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനികളുടെ സഹപാഠികളായിരുന്ന ഷാനവാസ്, സൌഫര്‍ എന്നിവരെ അറസ്‌റ്റു ചെയ്തത്.

രണ്ടു പേരെയും കൊല്ലം ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി രാജഗോപാലിന്‍റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ് അറസ്‌റ്റു ചെയ്തത്. ലൈംഗിക പീഡനവും ആത്മഹത്യ പ്രേരണയുമാണ് പ്രതികള്‍ക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍.

സ്കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനികളായിരുന്ന ജൂലി (17), വേണി (17), കഞ്ഞിപ്പാടം ആശാഭവനില്‍ അനില (17) എന്നീ വിദ്യാര്‍ഥിനികളെ ക്ലാസ്‌ മുറിയില്‍ മരിച്ച നിലയില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ പതിനേഴിനായിരുന്നു കണ്ടെത്തിയത്‌. വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയിലായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനും പ്രാഥമിക അന്വേഷണത്തിനും ശേഷം ഇവരുടെ ആത്മഹത്യ പ്രണയനൈരാശ്യം കാരണമാണെന്നായിരുന്നു ലോക്കല്‍ പൊലീസ്‌ കണ്ടെത്തിയത്.

എന്നാല്‍ രാഷ്ട്രീയ സ്വാധീനങ്ങള്‍ ഉപയോഗിച്ച് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ജനം സംഘടിക്കുകയും നിരന്തരമായ സമരങ്ങള്‍ നടത്തുകയും ചെയ്തതിനാല്‍ പുനരന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചു. തുടര്‍ന്ന് കൊല്ലം ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്പി രാജഗോപാലന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘത്തിന് അന്വേഷണച്ചുമതല കൈമാറുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :