അമൃതാനന്ദമയിയെ പറ്റി വന്ന വാര്‍ത്ത തെറ്റ്

തിരുവനന്തപുരം| WEBDUNIA|
PRO
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്ത സ്വത്തും സ്വര്‍ണ്ണവും ‘ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതല്ല’ എന്ന് മാതാ അമൃതാനന്ദമയി ദേവി പറഞ്ഞതായി വെബ്‌ദുനിയ മലയാളം അടക്കമുള്ള പല മാധ്യമങ്ങളിലും വാര്‍ത്ത വരികയുണ്ടായി. ഈ വാര്‍ത്ത തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് അമൃതാനന്ദമയീ മഠത്തിന്റെ വൈസ് ചെയര്‍‌മാന്‍ സ്വാമി അമൃതസ്വരൂപാനന്ദ സ്വാമി അറിയിക്കുന്നു. വെബ്‌ദുനിയ മലയാളത്തിന് സ്വാമി അയച്ചുതന്ന വിശദീകരണക്കുറിപ്പ് ഇവിടെ പ്രസിദ്ധീകരിക്കുകയാണ്.

ജൂലൈ ഒന്നാം തീയതി ന്യൂയോര്‍ക്കില്‍ വച്ച് ‘ഇന്ത്യാ അബ്രോഡി’ന് നല്‍‌കിയ അഭിമുഖത്തിലാണ് ഇതിനെ പറ്റിയുള്ള ചര്‍ച്ച ഉണ്ടായത്. ഇന്ത്യാ അബ്രോഡീന്റെ ഡെപ്യൂട്ടി എഡിറ്റര്‍ ശ്രീ ജോര്‍ജ്ജ് ജോസഫാണ് ഈ ചോദ്യം ഉന്നയിച്ചത്. ഇതിനെ പറ്റിയുള്ള അമ്മയുടെ ഉത്തരത്തിലും വിശദീകരണത്തിലും ‘ക്ഷേത്രസ്വത്ത് ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതല്ല’ എന്ന് ധ്വനിപ്പിക്കുന്ന ഒരു വാക്ക് പോലും ഉണ്ടായിട്ടില്ല എന്നതാണ് പരമാര്‍ത്ഥം. ആ അഭിമുഖം പൂര്‍ണമായും റെക്കോര്‍ഡ് ചെയ്തിട്ടുള്ളതാണ്. അതില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.

ചോദ്യം: പത്രങ്ങള്‍ വായിക്കുന്നുണ്ടോ എന്ന് അറിയില്ല. ഈയിടക്ക് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് അമ്പതിനായിരം കോടി നിധി ആ ക്ഷേത്രത്തിന്റെ അടിയില്‍ നിന്ന് കിട്ടിയെന്നാണ് പറയുന്നത്. അതുവച്ച് എന്ത് ചെയ്യണം? അമ്മയുടെ അഭിപ്രായമെന്ത്?

അമ്മ: നമ്മുടെ പൂര്‍വികരില്‍ നിന്ന് കിട്ടിയ ഈ സ്വത്ത് നിലനിര്‍ത്തണം. ഏത് രാജ്യത്തിലും ഇത്തരം മൂല്യങ്ങള്‍ നിലനിര്‍ത്താറില്ലേ? ബാക്കി നല്ല കാര്യത്തിന് ഉപയോഗിച്ചാല്‍ തെറ്റൊന്നും ഇല്ല. സാധുക്കളെ സഹായിക്കാന്‍ ഉപയോഗിക്കുന്നത് തെറ്റല്ല. എന്നാല്‍, ഇതൊന്നും പറയാന്‍ അമ്മയ്ക്ക് അര്‍ഹതയില്ല. കാരണം അതിപ്പോള്‍ സര്‍ക്കാരിന്റെ കയ്യിലാണ്. പക്ഷെ, ഒന്നുണ്ട്, ഇതൊന്നും രാജകുടുംബം എടുത്തില്ല. അവര്‍ക്ക് അതൊക്കെ വില്‍‌ക്കാമായിരുന്നു. അതുചെയ്യാതെ അതെല്ലാം അവിടെ തന്നെ വയ്ക്കുകയും ബഹുമാനിക്കുകയും ചെയ്തു. കേസ് ഉണ്ടായിട്ടുപോലും അവര്‍ അതില്‍ നിന്ന് യാതൊന്നും എടുത്തില്ല. കേസില്‍ ജയിക്കാം തോല്‍‌ക്കാം. അതുകൊണ്ട് വേണമെങ്കില്‍ ഇതെല്ലാം മാറ്റാമായിരുന്നു. അതൊന്നും അവര്‍ ചെയ്തില്ല. അതൊരു മഹത്വം തന്നെയാണ്. അവരെ പലരെയും എനിക്ക് നേരിട്ടറിയാം. അവര്‍ മൂല്യങ്ങള്‍ സൂക്ഷിച്ചവര്‍ തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്.

ചോദ്യം: ഒരു കാര്യം കൂടി ചോദിക്കട്ടെ? അന്ന് തിരുവനന്തപുരം ചെറിയൊരു രാജ്യമായിരുന്നു. ഇത്രയും സ്വത്തു നമുക്കുണ്ടായിരുന്നു എന്ന് പറയുമ്പോള്‍ അതിശയം തോന്നുന്നില്ലേ?

അമ്മ: രാജപരമ്പരയില്‍ സ്വത്തുണ്ടാകുന്നത് അതിശയമല്ല. എല്ലാ രാജ്യങ്ങളിലും ഇങ്ങനെയൊക്കെ കാണാറുണ്ട്. പഴയ രാജകുടുബങ്ങളിലുള്ള ഒരു വൈഡൂര്യത്തിനു തന്നെ എത്രയോ കിലോ സ്വര്‍ണത്തിന്റെ വിലയുണ്ട്. പണ്ടത്തെ രാജാക്കന്മാര്‍ കിരീടത്തില്‍ വൈഡൂര്യം പതിപ്പിക്കുമായിരുന്നു. അതൊക്കെയായിരുന്നു അവരുടെ സ്വത്ത്. ഇപ്പോള്‍ നമ്മുടെ രാജ്യത്തില്‍ മൂല്യം എന്ന് പറയുന്നത് സ്വര്‍ണമാണ്, അല്ലേ? ഇതുപോലെ, അന്നത്തെ രാജാക്കന്മാരും മൂല്യമായി വച്ചത് സ്വര്‍ണമാണ്.

അമ്മ: അമ്മയ്ക്ക് ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ എന്നൊന്നുമില്ല. എല്ലാരും ഈശ്വരന്റെ മക്കളാണ്. പക്ഷെ, ചിലര്‍ അമ്മയോട് ചോദിച്ചു, ‘പള്ളിയ്ക്കും സ്വത്തുണ്ടല്ലൊ. അതെടുത്ത് ഇങ്ങോട്ടു ചെയ്യുന്നില്ലല്ലോ?’ എന്ന്. അന്നൊരിക്കല്‍ ‘ഇന്ത്യ ഹിന്ദുരാഷ്ട്രം ആണോ?’ എന്നു പത്രക്കാര്‍ ചോദിച്ചപ്പോള്‍ അമ്മ ‘അല്ല’ എന്നു പറഞ്ഞു. അതിനു കുറേയേറെ വിമര്‍ശനങ്ങള്‍ ഉണ്ടായി. ഞാന്‍ അമ്മയാണ്. ആരേയും വേദനിപ്പിക്കാന്‍ എനിക്കു കഴിയില്ല. യൂറോപ്പില്‍ ക്രിസ്തു മതമല്ലെ എന്നു ചോദിച്ചപ്പോള്‍, ആണെന്നല്ലേ പറയുക? ദുബായ് മുസ്ലിം രാജ്യമല്ലെ എന്നു ചോദിച്ചാല്‍, ഉവ്വ്. അപ്പോള്‍ എന്തുകൊണ്ടു ഭാരതം ഹിന്ദു രാജ്യമാണെന്ന് പറഞ്ഞില്ല എന്നു ചോദിച്ചാല്‍, അമ്മ വായ് അടക്കേണ്ടിവരും, എന്നിട്ടും, അറിഞ്ഞുകൊണ്ട് ‘ഇത് ഹിന്ദുരാഷ്ട്രം മാത്രമല്ല’ എന്നാണ് ഞാന്‍ പറഞ്ഞത്.

ഏതായാലും ഈ സ്വത്ത് ഇപ്പോള്‍ ഗവണ്‍മെന്റിന്റെ കൈയ്യിലാണ്. അവര്‍ എന്താണെന്നു വെച്ചാല്‍ ചിന്തിച്ച് ചെയ്യട്ടെ. അമ്മയ്ക്ക് മറ്റൊന്നും പറയാനില്ല. പട്ടിണി എല്ലാവര്‍ക്കും പട്ടിണിയാണ്, വേദന എല്ലാവര്‍ക്കും വേദനയാണ്. ഒരു ഹിന്ദു കുഞ്ഞിനും മുസ്ലിം കുഞ്ഞിനും ക്രിസ്ത്യന്‍ കുഞ്ഞിനും വേദന വേദനയാണ്. വിശപ്പ് വിശപ്പാണ്. എല്ലാവരേയും ഒരുപോലെ സ്നേഹിക്കുക എന്നാണ് അമ്മ ചെയ്യുന്നത്.

ഇതില്‍ എവിടേയാണ് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കണ്ടെത്തിയ നിധി ‘ഹിന്ദുക്കള്‍ക്ക് മാത്രം നല്‍കണമെന്നില്ല’ എന്ന് അമ്മ പറഞ്ഞിരിക്കുന്നത്? വാര്‍ത്തകള്‍ ഇങ്ങനെ വളച്ചൊടിക്കുമ്പോള്‍ അത് കോടിക്കണക്കിന് വിശ്വാസികളിലും അല്ലാത്തവരിലും ആവശ്യമില്ലാത്ത ആശയക്കുഴപ്പം സൃഷ്ടിക്കും. എണ്ണമറ്റ മനസ്സുകള്‍ വേദനിക്കും. ഇത് മനസ്സിലാക്കി, കുറഞ്ഞപക്ഷം ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടുന്നതിന് മുമ്പ് ദൃക്‌സാക്ഷികളും രേഖകളും ഉണ്ടെങ്കില്‍ അത് പരിശോധിച്ച് കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കണം എന്നു മാത്രമാണ് ഈ അവസരത്തില്‍ പറയാനുള്ളത്. കൂടാതെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ വാര്‍ത്ത തിരുത്തി കൊടുത്ത് യഥാര്‍ത്ഥത്തില്‍ അമ്മ പറഞ്ഞതെന്താണെന്ന് ജനങ്ങളെ അറിയിക്കുവാനും മാതാ അമൃതാനന്ദമയീ മഠത്തിനു വേണ്ടി ഞാന്‍ താല്‍‌പര്യപ്പെടുന്നു. വസ്തുതകള്‍ മനസ്സിലാക്കി ഇത് പരിഗണിക്കുമെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്നു.

(ചിത്രത്തിന് കടപ്പാട് അമ്മ ഡോട്ട് ഓര്‍ഗ്)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :