അഭിലാഷ് വാങ്ങിയ കോഴ 42 ലക്ഷം

വയനാട്| ഗായത്രി ശര്‍മ്മ|
സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി 42 ലക്ഷം രൂപ കോഴ വാങ്ങിയതായി അഭിലാഷ് പിള്ള പൊലീസ്‌ അന്വേഷണ സംഘത്തോട്‌ വെളിപ്പെടുത്തി. വ്യാജരേഖയുണ്ടാക്കിയത്‌ സൂരജ്‌ കൃഷ്‌ണയുമായി ചേര്‍ന്നാണെന്നും ജോലി കിട്ടാനായി നാലു പേര്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചെന്നും അഭിലാഷ് വ്യക്തമാക്കി. ഇതുകൂടാതെ അഞ്ച്‌ നിയമനങ്ങള്‍ കൂടി നടത്താന്‍ പദ്ധതിയിട്ടിരുന്നു എന്നും അഭിലാഷ് പറഞ്ഞു.

വ്യാജ നിയമനക്കേസിലെ പ്രതികളായ അഭിലാഷ് പിള്ളയെയും സൂരജ് കൃഷ്ണയെയും ഇന്ന് കല്പറ്റ സിജെഎം കോടതിയില്‍ ഹാജരാക്കിയിരുന്നു. രാവിലെ പത്തരയോടെ ഇവരെ എത്തിച്ചിരുന്നെങ്കിലും പതിനൊന്നേകാലോടെയാണ് കേസ് പരിഗണിച്ചത്. തുടര്‍ന്ന്, ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ തീരുമാനിക്കുകയായിരുന്നു.

കേസ് സംബന്ധിച്ച കൂടുതല്‍ അന്വേഷണത്തിനാണ് ഇവരെ പൊലീസിനു കൈമാറിയത്. 10 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം 19 വരെയാണു കസ്റ്റഡി കാലാവധി. കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഡി അജിത് കുമാറാണ് പ്രതികളെ പൊലീസ് കസ്റ്റഡില്‍ വിട്ടുകൊണ്ട് ഉത്തരവിട്ടത്. പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോള്‍ കര്‍ഷക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് വാഹനം തടഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :