സി.പി.എം കേരള ഘടകത്തിലെ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കുന്ന നടപടികള്‍ ഒഴിവാക്കണമെന്ന് കേന്ദ്രനേതൃത്വം നിര്‍ദ്ദേശിച്ചു.
നായനാര്‍ ഫുട്ബോള്‍ സംഘാടക സമിതിയെയും പാര്‍ട്ടിയെയും അധിക്ഷേപിക്കുന്ന നടപടികളെ ചെറുക്കാനാണ് ഫാരിസിന്റെ അഭിമുഖം സംപ്രേഷണം ചെയ്തതെന്ന് സംസ്ഥാന നേതാക്കള്‍ വിശദീകരിച്ചു. ഇത് സംബന്ധിച്ച വിശദീകരണം ആരാഞ്ഞ കേന്ദ്ര നേതൃത്വത്തിനാണ് സംസ്ഥാന നേതാക്കള്‍ ഈ വിശദീകരണം നല്‍കിയത്.
ഫാരിസ് അബൂബക്കറിന്റെ അഭിമുഖം കൈരളി ടി.വിയില്‍ സംപ്രേഷണം ചെയ്തതിനെതിരെ വി.എസ്. അച്യുതാനന്ദന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ ടെലിഫോണില്‍ വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു.
ഒരു മേഖലയിലും പ്രധാനപ്പെട്ട വ്യക്തിയല്ലാത്ത ഫാരിസിന്റെ അഭിമുഖം സംപ്രേഷണം ചെയ്തതിന് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങള്‍ ഉണ്ടെന്ന് വി.എസ്. പരാതിപ്പെട്ടുവെന്നാണ് സൂചന. പാര്‍ട്ടിയുമായി ബന്ധമുള്ള ഒരു ചാനല്‍ ഇത്തരം ഗൂഢലക്ഷ്യങ്ങള്‍ക്ക് കൂട്ടുനില്ക്കുന്നതിനെയും വി.എസ്. എതിര്‍ത്തു.
ഇതേത്തുടര്‍ന്ന് സി.പി.എം കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളുമായി ബന്ധപ്പെട്ടു. നായനാര്‍ ഫുട്ബോള്‍ മേളയ്ക്ക് വേണ്ടി സംഭാവന വാങ്ങിയതിന്റെ പേരില്‍ സംഘാടക സമിതിയെയും പാര്‍ട്ടിയെയും ആക്ഷേപിക്കുന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടക്കുകയാണെന്നും അതിനാലാണ് അഭിമുഖം സംപ്രേഷണം ചെയ്തതെന്നും സംസ്ഥാന നേതൃത്വം അറിയിച്ചു.
അഭിമുഖം പിന്‍വലിക്കുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന നിലപാടാണ് സംസ്ഥാന നേതാക്കള്‍ സ്വീകരിച്ചത്. പാര്‍ട്ടിക്കെതിരെയുള്ള പ്രചാരണം തടയാന്‍ മറ്റ് പല വഴികളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്ര നേതാക്കള്‍ ഇപ്പോഴത്തെ സംഭവത്തില്‍ അസംതൃപ്തി അറിയിച്ചു.
പാര്‍ട്ടിയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്ന നടപടികള്‍ ഒഴിവാക്കണമെന്നും ഭാവിയില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും കേന്ദ്രനേതാക്കള്‍ നിര്‍ദ്ദേശം നല്കി. ഈ മാസം എട്ടിന് തുടങ്ങുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ ഫാരിസ് വിഷയവും ചര്‍ച്ചയ്ക്ക് വരും.
തിരുവനന്തപുരം |
WEBDUNIA|
Last Modified വെള്ളി, 3 ഓഗസ്റ്റ് 2007 (11:41 IST)
ഇതിന് മുമ്പ് അഭിമുഖത്തിന്റെ വിശദാംശങ്ങള്‍ പോളിറ്റ്ബ്യൂറോ പരിശോധിക്കുമെന്ന് കേന്ദ്ര നേതാക്കള്‍ അറിയിച്ചു.