വിവാദമായ അഭയ കൊലക്കേസിലെ പ്രതികളെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കുന്നതിന്റെ വീഡിയോ ടേപ്പ് ചോര്‍ന്ന കേസില്‍ എറണാകുളം സി ജെ എം കോടതി ഇന്ന് വിധി പറയും. വീഡിയോ ടേപ്പ് ചോര്‍ന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫി അഭിഭാഷകന് മുഖേന കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് ഇന്ന് വിധി പറയുക.
ഈ മാസം 17ാം തീയതി ഹര്‍ജി പരിഗണിച്ചിരുന്നുവെങ്കിലും 23ലേക്ക് മാറ്റുകയായിരുന്നു. കേസില്‍ രഹസ്യവിചാരണ വേണമെന്ന് രണ്ടാം പ്രതിയുടെ അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, അഭയ കേസിലെ പ്രതികളെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയമാക്കിയത് റെക്കോര്‍ഡ് ചെയ്ത സിഡിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയത് തങ്ങളല്ലെന്ന് സി ബി ഐ കോടതിയില്‍ വ്യക്തമാക്കി. നാര്‍ക്കോ സിഡി ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും രഹസ്യവിചാരണ വേണമെന്ന ആവശ്യം തങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടതാണെന്നും സി ബി ഐ കോടതിയെ അറിയിച്ചു.
സി ഡികള്‍ മാധ്യമങ്ങള്‍ക്ക് എങ്ങിനെ ലഭിച്ചുവെന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കേസിന്റെ വിധിവരുന്നതുവരെ ഇത്തരം നടപടികള്‍ വിലക്കണമെന്നും സെഫി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എറണാകുളം സി ജെ എം കോടതി പ്രതിഭാഗത്തിന് കൈമാറിയ സിഡികളിലെ ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്നു.