അഭയ കേസ് വിചാരണ ജനുവരി 13ന്

കൊച്ചി| WEBDUNIA|
സിസ്റ്റര്‍ അഭയ കേസിന്‍റെ പ്രത്യേക കോടതിയില്‍ അടുത്തവര്‍ഷം ജനുവരി 13ന് ആരംഭിക്കും. വിചാരണ വേളയില്‍ പ്രതികള്‍ക്കെതിരെ സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും.

കേസിലെ ഒന്നും രണ്ടും പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍ എന്നിവര്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍ മൂന്നാം പ്രതി സിസ്റ്റര്‍ സെഫി ഹാജരായില്ല. സെഫിക്കു വേണ്ടി അഭിഭാഷകന്‍ ഹാ‍ജരായി.

ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍‍, സിസ്റ്റര്‍ സെഫി എന്നിവര്‍ ചേര്‍ന്ന് അഭയയെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കിണറ്റിലിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

നാര്‍കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിങ് തുടങ്ങിയ ശാസ്ത്രീയ പരിശോധനകളും പ്രതികളില്‍ നടത്തിയിരുന്നു. നാര്‍കോ അനാലിസിസ് സി ഡി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. ലോക്കല്‍ പൊലീസും പിന്നീടു ക്രൈബ്രാഞ്ചും അന്വേഷിച്ച കേസില്‍ ഇതൊരു ആത്മഹത്യയാണെന്നായിരുന്നു കണ്ടെത്തല്‍. തുടര്‍ന്നു കേസ് സി ബി ഐയെ ഏല്‍പ്പിച്ചു. ഇതിനിടയിലും കേസിനെ അട്ടിമറിക്കാന്‍ പല ശ്രമങ്ങളും നടന്നിരുന്നു. അഭയയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും തിരുത്തിയത് വന്‍ വിവാദമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :