ജ്യേഷ്ഠനെ മദ്യലഹരിയിലുണ്ടായ ദേഷ്യത്തില്‍ അനുജന്‍ കുത്തിക്കൊന്നു. ശനിയാഴ്ച രാത്രി എട്ടരയോടെ വര്‍ക്കല ഇടവ വെണ്‍കുളം ജനതാ മുക്കിനടുത്ത് ചരുവിള വീട്ടില്‍ സദാശിവന്‍ പിള്ളയുടെയും ശാന്തമ്മയുടെയും മകന്‍ സജീവന്‍ എന്ന 38 കാരനാണ് മരിച്ചത്.
സ്ഥിരമായി മദ്യപിച്ച ശേഷം സജീവന്‍റെ അനുജന്‍ സുരേഷ് സജീവനുമായി മിക്കദിവസങ്ങളിലും വഴക്കിടുന്നത് പതിവാണെന്നാണ് അയല്‍വാസികള്‍ പറയുന്നത്. എന്നത്തേയും പോലെ ശനിയാഴ്ചയും സഹോദരങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും വാക്കേറ്റം മൂത്തപ്പോള്‍ സുരേഷ് സജീവന്‍റെ നെഞ്ചില്‍ കത്തികൊണ്ട് കുത്തുകയുമാണുണ്ടായത്.
സംഭവത്തിനു ശേഷം സുരേഷ് ഒളിവില്‍ പോയിരിക്കുകയാണ്. പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സജീവന്‍റെ ഭാര്യ വിജിത, മകള്‍ : അച്ചു എന്ന മൂന്നുവയസ്സുകാരി.