അനാശാസ്യം; ഗുരുവായൂരില്‍ പൊലീസ് റെയ്ഡ്‌

ഗുരുവായൂര്‍| WEBDUNIA|
ഗുരുവായൂര്‍ ക്ഷേത്രത്തിന് ചുറ്റുമുള്ള നിരവധി ലോഡ്ജുകളില്‍ വളരെക്കാലമായി അനാശാസ്യം നടക്കുന്നുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് റെയ്ഡ്. അനാശാസ്യം നടക്കുന്നുണ്ടെന്ന് പരാതി ലഭിച്ച രണ്ട് ലോഡ്ജുകളിലാണ് പൊലീസ് മിന്നല്‍ പരിശോധന നടത്തിയത്. പടിഞ്ഞാറേ നടയിലെ ഒരു ലോഡ്ജില്‍, പുറത്തു നിന്നും പൂട്ടിയ മുറിക്കകത്ത്‌ മദ്യലഹരിയില്‍ അവശ നിലയിലായ യുവാവിനെ പൊലീസ് കണ്ടെത്തി. കിഴക്കെ നടയിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ ഒരു മുറിയില്‍ മൂന്ന്‌ സ്ത്രീകളെ കണ്ടെത്തുകയും ചെയ്തു.

പടിഞ്ഞാറെ നടയിലുള്ള ലോഡ്ജില്‍ പരിശോധനക്കെത്തിയ പോലിസ്‌ സംഘത്തോട്‌ മുറികളില്‍ ആരുമില്ലെന്നാണ് ലോഡ്ജ്‌ ജീവനക്കാര്‍ അറിയിച്ചത്. എന്നാല്‍ പോലിസ്‌ നടത്തിയ പരിശോധനയില്‍ മദ്യലഹരിയില്‍ അവശ നിലയിലായ യുവാവിനെ കണ്ടെത്തുകയായിരുന്നു. മുറികളില്‍ നിന്നും സ്ത്രീകളുടെ നിരവധി വസ്ത്രങ്ങളും ലഭിച്ചു. കിഴക്കെ നടയിലെ ലോഡ്ജില്‍ കണ്ടെത്തിയ സ്ത്രീകള്‍ തങ്ങള്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയവരാണ് എന്നാണ് പൊലീസിനോട് പറഞ്ഞത്. തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ ഇവരെ പൊലീസ് വിട്ടയച്ചു.

അസിസ്റ്റന്റ്‌ കമ്മീഷണര്‍ ആര്‍കെ ജയരാജ്‌, സി.ഐ കെജി സുരേഷ്‌, എസ്‌ഐ എസ്‌ ശ്രീജിത്ത്‌ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. കിഴക്കെ നടയിലും പടിഞ്ഞാറെ നടയിലുമുള്ള രണ്ട്‌ ലോഡ്ജുകളില്‍ യുവതികളെ കൊണ്ടുവന്നു പെണ്‍വാണിഭം നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്‌. തുടര്‍ന്ന്‌ രണ്ടു ലോഡ്ജുകളും പൂട്ടാന്‍ പോലിസ്‌ നിര്‍ദേശം നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :