അനന്തപുരിയില്‍ ചൊവ്വാഴ്ച ലക്ഷദീപം

തിരുവനന്തപുരം| WEBDUNIA| Last Modified തിങ്കള്‍, 13 ജനുവരി 2014 (17:10 IST)
PRO
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഇത്തവണത്തെ മുറജപത്തിനു പരിസമാപ്തി കുറിച്ച് ചൊവാഴ്ച അനന്തപുരിയെ ലക്ഷം ദീപങ്ങളുടെ ചൈതന്യത്തില്‍ മുഗ്ധമാക്കി സന്ധ്യയോടെ ഒരു ലക്ഷം ദീപങ്ങള്‍ തെളിയും.

ആറു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ലക്ഷദീപ ചടങ്ങ് ക്ഷേത്രത്തെ അനന്തമായ ചൈതന്യ പ്രഭാപൂരത്തില്‍ നിറയ്ക്കും. അമ്പത്താറു ദിവസങ്ങളായി നടക്കുന്ന മുറജപത്തിന്‍റെ ഒടുവിലാണു ലക്ഷദീപങ്ങള്‍ തെളിയിക്കുന്ന ചടങ്ങ് നടക്കുന്നത്.

ശ്രീപത്മനാഭന്‍റെ അനുഗ്രഹ ചൈതന്യമായി കണക്കാക്കുന്ന ലക്ഷദീപം തൊഴാന്‍ ആയിരക്കണക്കിനു ഭക്തരാണു ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത്. ഇവരെ പാസു മൂലം നിയന്ത്രിക്കാന്‍ തക്ക തിരക്കാണുണ്ടായിരിക്കുന്നത്.

22000 ലേറെ പാസുകളാണു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് ഇത്തവണ നല്‍കിയിരിക്കുന്നതെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ ലഫ്.കേണല്‍ ഭുവനചന്ദ്രന്‍ നായര്‍ അറിയിച്ചു.

ലക്ഷദീപത്തിന്‍റെ ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സജ്ജീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളുമാണ്‌ ക്ഷേത്ര ട്രസ്റ്റും സര്‍ക്കാരും സം‍യുക്തമായി ഒരുക്കിയിരിക്കുന്നത്. നാടിന്‍റെ സമൃദ്ധിക്കും ഐശ്വര്യത്തിനും പ്രജകളുടെ ക്ഷേമത്തിനും വേന്‍റി രാജഭരണ കാലത്ത് നിലനിന്നിരുന്ന മുറജപം പുതിയ കാലത്തും പൂര്‍വ വിധി പ്രകാരം തന്നെയാണ്‌ ആചരിക്കുന്നത്.

ചൊവ്വാഴ്ച രാത്രി നടക്കുന്ന മുറ ശീവേലിയില്‍ ശ്രീപത്മനാഭ വിഗ്രഹത്തിനു മൂലം തിരുനാള്‍ രാമവര്‍മ്മ അകമ്പടി സേവിക്കും. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്താണ്‌ മുറജപം ആരംഭിക്കുന്നത്. 1750 ലായിരുന്നു ആദ്യ ലക്ഷദീപം നടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :