നിര്‍ദിഷ്ട അതിവേഗ റെയില്‍ പാതയുടെ പദ്ധതി റിപ്പോര്‍ട്ട് തയ്യാറക്കാനുള്ള നടപടികള്‍ തുടങ്ങി. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ(ഡിഎംആര്‍സി)യാണ് സര്‍ക്കാര്‍ ഇക്കാര്യം ചുമതലപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയാണ് നിര്‍ദിഷ്ട പാത. പദ്ധതിക്കായി ഡി എം ആര്‍ സിയുടെ നേതൃത്വത്തില്‍ സര്‍വെ തുടങ്ങി.
25 മീറ്റര്‍ അകലത്തില്‍ നിര്‍മ്മിക്കുന്ന ഒറ്റത്തൂണിന്‍ മേലാണ് റെയില്‍ പാത സ്ഥാപിക്കുക. ഇതിന് 15 മുതല്‍ 20 വരെ വീതിയാണ് ഉണ്ടാകുക. വലിയ തോതില്‍ ഭൂമി ഏറ്റെടുക്കുന്നത് ഒഴിവാക്കുന്നതിനാണ് ഈ നിര്‍മാണ രീതി അവലംബിച്ചിരിക്കുന്നത്. തിരക്കേറിയ പട്ടണങ്ങളിലും നഗരങ്ങളിലും സ്ഥലം ഏറ്റെടുക്കുന്നത് കുറയ്ക്കുന്നതിന് ഭൂമിക്ക് അടിയിലൂടെയാകും റെയില്‍പാത നിര്‍മിക്കുക.
മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനിന് സഞ്ചരിക്കാവുന്ന വിധത്തിലാണ് ട്രാക്ക് നിര്‍മിക്കുക. ഭൂപ്രകൃതി കണക്കിലെടുത്ത് സര്‍വേ പൂര്‍ത്തിയായ ശേഷമാകും നിര്‍ദിഷ്ട റെയില്‍പാത ഭൂമിക്കു മുകളിലൂടെയോ അടിയിലൂടെയോ കടന്നുപോകേണ്ടത് എന്ന് തീരുമാനിക്കുക. അതിവേഗ റെയില്‍വെ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്താന്‍ മൂന്ന് മണിക്കൂര്‍ മതി. നിലവില്‍ 15 മണിക്കൂര്‍ വേണം.