രേണുക വേണു|
Last Modified വ്യാഴം, 7 ഡിസംബര്‍ 2023 (08:49 IST)
തിരുവനന്തപുരത്തെ യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ സുഹൃത്തായ യുവ ഡോക്ടര്‍ ഇ.എ.റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിജി ഡോക്ടര്‍മാരുടെ സംഘടനയായ കെഎംപിജിഎയുടെ പ്രസിഡന്റ് ആയിരുന്നു റുവൈസ്. ഷഹനയുടെ ആത്മഹത്യയില്‍ കുറ്റാരോപിതനായതോടെ റുവൈസിനെ സംഘടനയില്‍ നിന്ന് പുറത്താക്കി.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതികരണങ്ങള്‍ നടത്തി വാര്‍ത്തയില്‍ ഇടംനേടിയ ഡോക്ടറാണ് റുവൈസ്. അന്ന് പിജി ഡോക്ടര്‍മാരുടെ പ്രതിഷേധ സമരത്തിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനെതിരെ റുവൈസ് പ്രസംഗിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള പ്രമുഖ ചാനലുകളില്‍ ചര്‍ച്ചയിലും പങ്കെടുത്തിരുന്നു. അന്ന് സാമൂഹ്യ പ്രതിബദ്ധതയെ കുറിച്ച് പ്രസംഗിച്ച അതേ വ്യക്തി തന്നെ ഇന്ന് സ്ത്രീധനത്തിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയുടെ ജീവന്‍ ഇല്ലാതാക്കി എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ വിമര്‍ശിച്ചിരിക്കുന്നത്.
കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് റുവൈസിനെ ഇന്ന് പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കേസെടുത്തതോടെ റുവൈസ് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നുണ്ട്. ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന വകുപ്പും പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയും റുവൈസിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഡോക്ടര്‍ ഷഹനയും റുവൈസും തമ്മില്‍ അടുപ്പത്തിലായിരുന്നു. കുടുംബങ്ങളുടെ സമ്മതത്തോടെ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ സ്ത്രീധനമായി 150 പവനും 15 ഏക്കര്‍ ഭൂമിയും ബിഎംഡബ്‌ള്യു കാറുമായിരുന്നു റുവൈസിന്റെ കുടുംബത്തിന്റെ ആവശ്യം. ഇത്രയും ലഭിക്കില്ലെന്ന് മനസിലായതോടെ റുവൈസ് വിവാഹത്തില്‍ നിന്നു പിന്മാറി. ഇതേ തുടര്‍ന്നുണ്ടായ മാനസിക പിരിമുറുക്കമാണ് ഷഹനയുടെ ആത്മഹത്യക്ക് കാരണം.