വ്യാജന്മാരേക്കൊണ്ട് തോറ്റു... വര്‍ഷവും ഇയ്യോബിന്റെ പുസ്തകവും യുട്യൂബില്‍ സുലഭം

തിരുവനന്തപുരം| vishnu| Last Modified വെള്ളി, 2 ജനുവരി 2015 (11:22 IST)
സാമ്പത്തികമായ പ്രതിസന്ധിയില്‍പെട്ട് നട്ടം തിരിയുന്നതിനിടേയാണ് സിനിമാ മേഖലയേതന്നെ പൊതുവായി ബാധിക്കുന്ന രീതിയില്‍ വ്യാജന്മാരുടെ ഇടിച്ചുകയറ്റം. യൂട്യൂബിലും മറ്റ് ഓണ്‍ലൈന്‍ സൈറ്റുകളിലും മലയാള സിനിമയിലെ ഏത് പുതിയ ചിത്രവും തീയേറ്ററിലെത്തുന്നതിനു തൊട്ടുപിന്നാലെ പ്രദര്‍ശനം തുടങ്ങു. ഇപ്പോള്‍ വ്യാജന്മാരുടെ ഒടുവിലത്തെ ഇരയായിരിക്കുന്നത് മമ്മൂട്ടിയുടെ ജനപ്രിയ ചിത്രമായ വര്‍ഷവും, ഫഹദ് ഫാസിലിന്റെ ഇയ്യോബിന്റെ പുസ്തകവുമാണ്.

രണ്ടു സിനിമകളുടെയും വ്യാജ പകര്‍പ്പുകള്‍ ഇപ്പോള്‍ യു‌ട്യൂബില്‍ ലഭ്യമാണെന്നാണ് പുതിയ വാര്‍ത്തകള്‍. വര്‍ഷം ഇതിനോടകം തന്നെ അയ്യായിരത്തിനു മുകളില്‍ ആളുകള്‍ കണ്ടുകഴിഞ്ഞിരിക്കുന്നു. 200നു മുകളില്‍ ആളുകളാണ് ഇയ്യോബിന്റെ പുസ്തകം യുട്യൂബില്‍ കണ്ടിരിക്കുന്നത്. ഡിസംബര്‍ 29നാണ് മലയാളം 2014 എന്ന യൂട്യൂബ് ചാനലില്‍ നിന്ന് ഇയ്യോബിന്റെ പുസ്തകം അപ് ലോഡ് ചെയ്തിരിക്കുന്നത്. വര്‍ഷം സിരിമാന്‍ എന്ന ചാനലില്‍ നിന്നാണ്.

രണ്ട് ചിത്രങ്ങളും റിലീസ് കേന്ദ്രങ്ങളിലും ഷിഫ്റ്റിംഗ് തിയറ്ററുകളിലുമായി പ്രദര്‍ശനം തുടരവേയാണ് സാമ്പത്തിക ഭീഷണി ഉയര്‍ത്തി വ്യാജന്മാര്‍ പ്രദര്‍ശനം നടത്തുന്നത്. തിയറ്ററുകളില്‍ നിന്ന് ക്യാമറയില്‍ പകര്‍ത്തിയാണ് ചിത്രങ്ങള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത് എന്ന് വ്യക്തമാണ്. എന്നാല്‍ ഇത്രയുമധികം ആളുകള്‍ കണ്ടിട്ടും ഇത് പിടിക്കപ്പെട്ടില്ല എന്നതാണ് വിരോധാഭാസം. സര്‍ക്കാരിന്റെ സൈബര്‍ ക്രൈം വിഭാഗവും ആന്റി പൈറസി സെല്ലും യൂട്യൂബ് വ്യാജനുകളെ നേരിടുമെന്ന ഉറപ്പ് സിനിമാമേഖലയ്ക്ക് നല്‍കിയിട്ടും വ്യാജന്മാര്‍ വീണ്ടും എത്തുന്നതില്‍ സിനിമാ മേഖല ആശങ്കയിലായിക്കഴിഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :