തിരുവനന്തപുരം|
Last Modified ബുധന്‍, 15 ഒക്ടോബര്‍ 2014 (14:51 IST)
കാര്‍ഷിക മേഖല ഹൈടെക്കാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കാര്‍ഷിക മേഖലയില്‍ പ്രായോഗികമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ മന്ദിരത്തിലെ 5 ഡി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംസ്ഥാനതല കാര്‍ഷിക വികസന കമ്മിറ്റിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഹൈടെക്ക് കൃഷി സമ്പ്രദായത്തില്‍ കേരളം ഇന്നും പിന്നിലാണ്. തമിഴ്നാടും മഹാരാഷ്ട്രാ സംസ്ഥാനവുമൊക്കെ ഈ മേഖലയില്‍ ഏറെ കുതിച്ചുചാട്ടം നടത്തിക്കഴിഞ്ഞപ്പോഴും സംസ്ഥാനത്ത് ഈ മേഖലയില്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കേന്ദ്ര സബ്സിഡിയും മറ്റു ലോണുകളും ലഭ്യമായ ഈ പദ്ധതിക്ക് കുറച്ചു ഭൂമിയും കുറഞ്ഞ മുതല്‍ മുടക്കും മതിയെങ്കിലും ഇതിലേക്ക് കൂടുതല്‍പേര്‍ കടന്നുവന്നിരുന്നില്ല. ചെറുപ്പക്കാര്‍ ഇന്ന് കൃഷിമേഖലയിലേക്ക് കൂടുതല്‍ കടന്നുവന്നിരിക്കുന്ന സാഹചര്യമുണ്ട്. ഇക്കാരണത്താല്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ പരിഗണന നല്‍കിയിരിക്കുന്ന ഹൈടെക് കൃഷി സമ്പ്രദായത്തിലേക്ക് കടന്നുവരാന്‍ അവര്‍ക്ക് അവസരമൊരുങ്ങിയിരിക്കുകയാണ്. സര്‍ക്കാര്‍ ഇതിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജൈവകൃഷിക്കും ഏറെ പരിഗണന നല്‍കിയുള്ള പ്രവര്‍ത്തനം ആവശ്യമാണ്. കാര്‍ഷിക നയം രൂപപ്പെടുത്താനായി നിയോഗിച്ചിട്ടുള്ള കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇത് സംബന്ധിച്ചുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങളുണ്ട്. ഈ ശിപാര്‍ശകള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.