Last Modified ഞായര്‍, 2 ജൂണ്‍ 2019 (12:29 IST)
വാഹനാപകടത്തിൽ അന്തരിച്ച ബാലഭാസ്കറിന്റെ മരണം ഒരു കൊലപാതകമായിരുന്നോയെന്ന സംശയം ഏറുന്നു. മരണത്തിൽ തുടക്കം മുതലേ ദുരൂഹതകളുണ്ടായിരുന്നു. ആദ്യം മുതലേ സംശയമുണ്ടായിരുന്നവരാണ് ഇപ്പോള്‍ പ്രതിസ്ഥാനത്ത് വന്നിരിക്കുന്നതെന്നും ബാലുവിന്റെ സഹോദരങ്ങള്‍ക്ക് വേണ്ടി പ്രിയ വേണുഗോപാൽ പറയുന്നു. ബാലുവിന്റെ മരണത്തെ കുറിച്ച് തങ്ങൾക്കറിയാവുന്ന കാര്യങ്ങൾ എന്ന നിലയിൽ പ്രിയ കുറിച്ച വാക്കുകൾ:
ബാലഭാസ്കർ എന്ന ഞങ്ങളുടെ ബാലുച്ചേട്ടൻ ഈ ലോകം വിട്ടു പോയ 2018 ഒക്ടോബറിൽ കുറിച്ചിട്ടതാണ് ഇത്. കാര്യങ്ങൾ മുന്നോട്ടു പോയ വിധം വല്ലാതെ വേദനിപ്പിച്ചതുകൊണ്ടും ഞങ്ങളുടെ ജീവിതത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും കുടുംബത്തിലുള്ള മുതിർന്നവർക്ക് ഒരുപാട് ഭയാശങ്കകൾ ഉണ്ടായതുകൊണ്ടും അന്നിത് പോസ്റ്റ് ചെയ്തില്ല. ആക്സിഡന്റ് നടന്നപ്പോൾ മുതൽ നടന്ന പലകാര്യങ്ങളിലും ഞങ്ങൾക്ക് ഏറ്റവുമധികം സംശയം തോന്നിയ, പലതവണ വാക്തർക്കങ്ങൾപോലും നടത്തേണ്ടി വന്ന 2 വ്യക്തികൾ ഇന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടാവുന്ന സ്വര്ണക്കള്ളക്കടത്തുകേസിലെ പ്രതികളായി പോലീസിന്റെ വലയിലാണെന്നു തിരിച്ചറിയുമ്പോൾ ഇത് പറയേണ്ട ബാധ്യത ബാലുച്ചേട്ടന്റെ സഹോദരങ്ങൾ എന്ന നിലയിൽ ഞങ്ങൾക്കുണ്ടെന്നു കരുതുന്നു. ബാലുച്ചേട്ടന്റെ സംഗീതം ഒന്നുകൊണ്ടു മാത്രം അദ്ദേഹത്തെ സ്നേഹിയ്ക്കുന്ന ആരാധിക്കുന്ന ലക്ഷക്കണക്കിന് സഹൃദയർ ഇത്രേയുമെങ്കിലും അറിഞ്ഞിരിക്കണമെന്നും ഞങ്ങൾ കരുതുന്നു.
കുടുംബത്തിനെല്ലാം നഷ്ടമാക്കിയ കല്യാണം..
"നീ സംഗീതരംഗത്ത് ഒരു ചുവടുറപ്പിക്ക്, ഈ കല്യാണം ഞങ്ങൾ തന്നെ നടത്തിത്തരും" എന്ന് ബാലുവിനെ എന്നും സ്നേഹിച്ചിട്ടുള്ള അമ്മാവന്മാർ പറഞ്ഞിട്ടും അടുത്ത ദിവസം നടന്നത് ഒരു ഒളിച്ചോട്ടമാണ്.. കൂട്ടുകാർ നടത്തിക്കൊടുത്ത കല്യാണം. അവർ തന്നെ ഏറ്റെടുത്ത കല്യാണം.. ബാലുവിന് ഒരു ചേച്ചിയുണ്ട്.. മീര. ബുദ്ധിയിലും സ്നേഹത്തിലും ബാലുവിനേക്കാൾ എന്നും ഒരുപടി മുന്നിലായിരുന്നു ചേച്ചി. ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ സ്വയം ഉൾവലിഞ്ഞു നിന്നിരുന്ന പ്രകൃതക്കാരി. ബാലു എ. ആർ, റഹ്മാനെപ്പോലെ ഉയർന്നു വരും..ബാലുവിന്റെ സഹോദരി എന്ന നിലയിൽ താൻ വൈകാതെ അറിയപ്പെടും എന്ന് പ്രതീക്ഷിച്ചിരുന്ന ആ ചേച്ചിക്ക് ഇരുട്ടടി പോലെയായി ഈ കല്യാണം. ജീവിതത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും കൂടുതൽ ഉൾവലിയാനും സ്വയം ഒറ്റപ്പെടൽ എന്ന ശിക്ഷ കൽപ്പിക്കാനും ആണ് 2001 ഇൽ അവൾ തീരുമാനിച്ചത്. കെട്ടിക്കൊണ്ടു വന്ന പെണ്ണിനെ ആരും അകത്തു കയറ്റിയില്ല എന്ന് കഥ പാട്ടാകുമ്പോഴും, അതിനാരും, പ്രത്യേകിച്ചും ആ പെൺകുട്ടി, ഇക്കാലത്തിനിടയിൽ ഒരിക്കൽപ്പോലും ശ്രമിച്ചതുപോലുമില്ല എന്ന മഹാസത്യം അറിയാതെ പോയി ലോകം.. ചേച്ചിയെ ഈ വഴിക്കാക്കി അച്ഛനെയും അമ്മയെയും ഒറ്റപ്പെടുത്തിയിട്ടു പോയ മകനോടും ആരും ഒന്നും ചോദിച്ചില്ല..കാരണം അവൻ അപ്പോഴേക്കും എല്ലാവർക്കും വേണ്ടപ്പെട്ട 'സെലിബ്രിറ്റി' ആയിക്കഴിഞ്ഞിരുന്നു.
ബാലു ഒരുപാട് സ്നേഹിക്കുന്ന അച്ഛൻ കെ. സി. ഉണ്ണി (റിട്ട.പോസ്റ്റ് മാസ്റ്റർ), അവനെ ഒരു തരി പോലും വിഷമിപ്പിക്കാൻ ആഗ്രഹിക്കാത്തതുകൊണ്ടു മാത്രം, അവനിലെ കലാകാരനെ ഒരു വാക്കു കൊണ്ടുപോലും തളർത്തരുത് എന്നാഗ്രഹിച്ചതുകൊണ്ടുമാത്രം എല്ലാത്തിനും അവന്റെ കൂടെ നിന്ന അച്ഛൻ, 2002 മുതൽ പറഞ്ഞതാണ് - 'നിനക്കൊരു കുഞ്ഞുണ്ടായാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും'! "ഈ കുഞ്ഞു ആദ്യം വളർന്നു വരട്ടെ, ഇനി ഇതുപോലെ മറ്റൊരു മാനസിക രോഗിയെക്കൂടി താങ്ങാൻ എനിക്ക് കഴിയില്ല" എന്നൊക്കെ ആ അച്ഛനോട് തന്നെ പറഞ്ഞ മരുമകൾ എത്രയോ മാനസികരോഗവിദഗ്ധന്മാരുടെ അടുത്തെത്തിച്ചു ബാലുവിനെ. അവരൊക്കെ അവൾക്കു തന്നെ "ഈ കലാകാരനെ ഒരിക്കലും വിഷമിപ്പിക്കരുത്, അവനു ലോകം വെല്ലാനുള്ളതാണ്, അവന്റേതുപോലെയുള്ള ഒരു കുടുംബത്തിലേക്ക് ചെന്ന് കയറാനായത് മോളുടെ ഭാഗ്യമാണ് "എന്നൊക്കെ ഉപദേശം കൊടുക്കുന്ന സ്ഥിതിയായപ്പോൾ പിന്നെ ആ പതിവ് നിന്നു. ഇതെത്ര പേരറിഞ്ഞു?
പക്ഷെ, 21 വർഷം പഠിച്ച, പാരമ്പര്യമായിക്കിട്ടിയ സംഗീതം കൊണ്ട് ബാലഭാസ്കർ ഉദിച്ചു വന്നപ്പോൾ അത് കെട്ടിയവളുടെ ഐശ്വര്യമായി, സാമർത്ഥ്യമായി ലോകം പറഞ്ഞു പരത്തി...
അന്ന് 2013 ലോ മറ്റോ ബാലു അച്ഛനുമമ്മയോടും വന്നു കരഞ്ഞു പറഞ്ഞു, "ഞാൻ വിവാഹബന്ധം വേർപെടുത്താൻ പോകുന്നു. ഇനി ഈ ജീവിതം ഇങ്ങനെ മുന്നോട്ടു കൊണ്ട് പോകാൻ വയ്യ.." അന്ന്, അച്ഛനെയും അമ്മയെയും കൂട്ടി ബാലു ക്ഷേത്രത്തിൽ പോയി.. ശിവന്റെ നടയിലെ നന്ദിയുടെ ചെവിയിൽ പ്രാർത്ഥനയായി പറഞ്ഞതും ഇക്കാര്യം തന്നെയായിരുന്നു. പക്ഷെ ബാലുവിന് സ്വയം തീരുമാനമെടുക്കാൻ കഴിയുന്നതിനു മുന്നേ അവൻ വീണ്ടും ആ വലയത്തിൽത്തന്നെ തളയ്ക്കപ്പെട്ടിരുന്നു.. ബാലുവിന് അത് തീരാവേദനയായി, സംഗീതം പോലും നഷ്ടപ്പെട്ടതു പോലെയായി, അടുത്ത തീരുമാനവും പെട്ടെന്നായിരുന്നു - "സംഗീതം ഉപേക്ഷിക്കുന്നു"!! അന്നും പക്ഷെ, തന്റെ തെറ്റ് സമ്മതിച്ച് അച്ഛനമ്മമാരുടെ അടുത്തേയ്ക്കു ഓടിയെത്താൻ അവനെ അനുവദിക്കാതെ ചില സുഹൃത്തക്കളും മാനേജർമാരും ഒക്കെക്കൂടി എല്ലാം പഴയപടിയാക്കി.. എല്ലാം ശുഭം. നിശ്ശബ്ദരായിനിൽക്കേണ്ടി വന്നതും വീണ്ടും വിഡ്ഢികളാക്കപ്പെട്ടതും ബാലുവിന്റെ മാതാപിതാക്കളും അമ്മാവനും ബാക്കി കുടുംബവും!
അപകടം പറ്റിയ വിവരം അറിഞ്ഞപ്പോൾ, ബാലുവിനെ കൈകാലുകൾക്കുണ്ടായ തളർച്ചയെപ്പറ്റി അറിഞ്ഞപ്പോൾ ആ ചേച്ചി ആദ്യം പറഞ്ഞു കരഞ്ഞത്, നിനക്ക് തന്നെ പറഞ്ഞുതരാൻ വേണ്ടിയായിരുന്നോടാ നീ എനിക്ക് മൈൻഡ് പവറിന്റെ കാര്യമൊക്കെ പറഞ്ഞു തന്നത് എന്നായിരുന്നു.. ആശുപത്രിയിൽ കിടന്ന അന്ന് മുതൽ ബാലുവിന്റെ അച്ഛൻ, ഗുരുവായ വല്യമ്മാവൻ, കൊച്ചമ്മാവൻ, ചിറ്റപ്പന്മാർ, ചിറ്റമാർ, ഞങ്ങൾ അനിയത്തിമാർ അങ്ങനെ എല്ലാവരും ഉണ്ടായിരുന്നു..പലതവണ ഡോക്ടർമാരുടെ നിർദേശപ്രകാരം ICU ഇൽ ബാലുവിനെ ഞങ്ങൾ കണ്ടതും സംസാരിച്ചതുമാണ്.
പലതരം നാടകങ്ങളുമരങ്ങേറുന്നതും കണ്ട കുടുംബം അവിടെവച്ച് എടുത്തിരുന്ന ഒരു തീരുമാനം ഉണ്ടായിരുന്നു.. ബാലുവിനെ തിരിച്ചു കിട്ടിയാൽ ഇനി ഒരിക്കലും കള്ളന്മാർക്ക് വിട്ടുകൊടുക്കില്ല, അവന്റെ സംഗീതം അവന്റെ അമ്മയുടെയും അമ്മാവന്റെയും മാത്രം സ്വത്താണ്, അവരുടെ ജീവിതമാണ്. പല ഡോക്ടർമാരുടെയും സ്റ്റാഫിന്റേയും സ്വാധീനം ഉപയോഗിച്ചും അല്ലാതെയും MRI റിപ്പോർട്ട് അടക്കം ചോർത്തി പലവിധ നാടകങ്ങൾ അരങ്ങേറുന്നതും കാണേണ്ടി വന്നു ഞങ്ങൾക്ക്. സന്ദർശകർക്ക് നിയന്ത്രണം വേണ്ട ICU ഇൽ സ്വാധീനമുപയോഗിച്ച് പലരും കയറി ഇറങ്ങുന്നതും കണ്ടു.
ചോദ്യങ്ങൾ ബാക്കി
# 1. എല്ലാ ഡോക്ടർമാരോടും അപേക്ഷിച്ചിട്ടു ഒടുവിൽ പൂർണ നിയന്ത്രണം വരുത്തിയ അന്ന് മറ്റേതോ വഴിയിലൂടെ ബാലുവിനെ ഒടുവിൽ കണ്ടത് ആര്? ആ വ്യക്തി എന്തെങ്കിലും അരുതാത്തത് പറഞ്ഞിട്ടാണോ അതുവരെ നോർമൽ ആയിരുന്ന ബാലുച്ചേട്ടന് പെട്ടെന്ന് ഹൃദയാഘാതമുണ്ടായത്?
# 2. ബാലുവിന്റെ മരണം സംഭവിക്കുന്നതിന്റെ അന്ന് പകൽ അവിടെയുണ്ടായിരുന്ന ആ സ്ത്രീ (പാലക്കാട് പൂന്തോട്ടം - ലത)രാത്രിയോടെ സ്ഥലം വിട്ടത് എന്തിനു?
# 3. ബാലുവിന്റെ മാനേജർമാരെ ഉൾപ്പടെ തന്റെ നിയന്ത്രണത്തിലാക്കിയ ആ സ്ത്രീയുടെ ഉദ്ദേശങ്ങൾ എന്തായിരുന്നു ?
# 4. പോസ്റ്റ് മോർട്ടത്തിന് വേണ്ടി ബാലുവിന്റെ ആധാർ കാർഡ് ചോദിച്ചപ്പോൾ വിഷ്ണുവും തമ്പിയും കുടുംബത്തിന് അത് നൽകാത്തതെന്തുകൊണ്ട്?
# 5. പോലീസ് രേഖകൾ അച്ഛന് കൈമാറണം എന്ന് പറഞ്ഞിട്ടും അതും പോസ്റ്റ് മോർട്ടം റിപ്പോർട്ടും ഒന്നും കൈമാറാത്തതെന്തുകൊണ്ട്?
# 6. ബാലുവിന്റെയും ഭാര്യയുടെയും മകളുടെയും ഈ അവസ്ഥയ്ക്ക് കാരണമായ അപകടം ആദ്യമറിഞ്ഞതും കുടുംബത്തെ അറിയിച്ചതും ആര് ?
# 7. മേൽപ്പറഞ്ഞ സ്ത്രീയുടെ അടുത്ത ബന്ധുവാണ് (സോഹദരന്റെ മകൻ) ആണ് കാറോടിച്ച അർജുൻ എന്നത് ചർച്ചയാവാത്തതു എന്തുകൊണ്ട്?
# 8. ആ യാത്ര മകൾക്കു വേണ്ടിയുള്ള വഴിപാടിനെന്ന പേരിൽ ആക്കി തീർത്തതും, ലക്ഷ്മിക്ക് മാസമുറ ആയിരുന്നതിനാൽ ക്ഷേത്രത്തിൽ പോകാൻ പോലും കഴിഞ്ഞിരുന്നില്ല എന്നത് പറയാത്തതും, ഹോട്ടലിൽ എടുത്ത റൂം ഒഴിഞ്ഞു രാത്രി തന്നെ തിരിക്കണം എന്ന് തീരുമാനിച്ചതും ആര്?
# 9 . ലക്ഷ്മിയുടെ ബാഗിൽ അന്ന് ഉണ്ടായിരുന്ന കുറെയധികം പണവും സ്വർണാഭരണങ്ങളും ആരുടേത്, എവിടെ നിന്ന്? സ്വന്തമെങ്കിൽ ഒരു ദിവസത്തെ യാത്രക്ക് ഇത്രയധികം എന്തിനു കൊണ്ട് പോയി? ഈ സ്വർണത്തിനു ഇപ്പോഴത്തെ ഈ കള്ളക്കടത്തു കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ? ബാലു പരിപാടികൾക്ക് വിദേശങ്ങളിൽ പോകുമ്പോൾ പ്രത്യേകിച്ചും, ലക്ഷ്മി പലതവണ വിഷ്ണുവിനോടൊപ്പവും ലതയോടൊപ്പവും, തിരുവനന്തപുരത്തു നിന്ന് യാത്രകൾ നടത്തിയിരുന്നതുമായി ഇതിനു എന്തെങ്കിലും ബന്ധമുണ്ടോ?
# 10 പരുക്കുകളുടെയും പൊട്ടലുകളുടെയും സ്വഭാവം വച്ച് ഡോക്ടർ തന്നെ കൃത്യമായി സാധ്യതകൾ ചൂണ്ടിക്കാണിക്കുമ്പോഴും ബാലു ആണ് വണ്ടിയോടിച്ചതു എന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചതാര്?
# 11 അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽപ്പോലും ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്താതെ പോയത് ആരുടെ ശ്രമഫലമായാണ്?
# 12 ഓർമയും ബോധവും തിരിച്ചു കിട്ടിയ ലക്ഷ്മിയെ കണ്ട ബാലുവിന്റെ ബന്ധുക്കളോട് കാണാൻ താൽപ്പര്യമില്ല എന്ന മട്ടിൽ ലക്ഷ്മി ഉണർന്നു നോക്കിയിട്ടും വീണ്ടും ഉറക്കം നടിച്ചതെന്തുകൊണ്ട്?
# 13 . ബാലുവിന് വേണ്ടി സന്ദർശക നിയന്ത്രണം കൊണ്ടുവരാൻ കഷ്ടപ്പെടേണ്ടി വന്ന കുടുംബത്തിന് ഇന്ന് ലക്ഷ്മിയെ കാണാൻ അനുവാദമില്ല എന്ന അവസ്ഥ കൊണ്ട് വന്നതാര്?
# 14 ബാലുവിന്റെ മരണശേഷം ബലിക്രിയകൾക്കു പോലും ബാലുവിന്റെ രക്തബന്ധുക്കളെ വീട്ടിൽ കയറ്റാത്തതു എന്ത് കൊണ്ട്?
# 15 ബാലുവിന്റെ ലക്ഷങ്ങൾ വിലയുള്ള വയലിനുകൾ ബാലുവിന്റെ അമ്മയോടോ ഗുരുവിനോടോ പോലും ചോദിക്കാതെ വിൽക്കാൻ തീരുമാനിച്ചതാര്?
# 16 വിഷ്ണുവിനെയും തമ്പിയെയും ചുരുക്കം ചില പ്രോഗ്രാമുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പരിചയം മാത്രം, അടുപ്പമില്ല എന്ന മട്ടിൽ ലക്ഷ്മി ഫേസ്ബുക് പോസ്റ്റ് ഇട്ടെങ്കിലും, ബാലുവിന്റെ ബെൻസ് കാർ, ഫോൺ, എടിഎം കാർഡുകൾ ഇവയെലാം ആക്സിഡന്റ് നടന്നപ്പോൾ മുതൽ കൈവശം വച്ചിരുന്നത് ലക്ഷ്മിയുടെ അനുമതിയോടെ തമ്പിയല്ലേ? ആശുപത്രി റിവ്യൂസിനു ലക്ഷ്മിയെ കൊണ്ടുപോയിരുന്നതും എല്ലാം വാങ്ങിക്കൊടുത്തിരുന്നതും വിഷ്ണുവല്ലേ?
ഈ പോസ്റ്റിന് വ്യക്തിഹത്യ എന്ന ഉദ്ദേശം തീരെയില്ല എന്ന് ബോധ്യപ്പെടുത്തട്ടെ. ബാലുച്ചേട്ടന്റെ ജീവനും മുകളിലായി ഞങ്ങൾക്ക് ഇനി ഒരു നഷ്ടവും വരാനില്ല. പക്ഷെ, ബാലഭാസ്കർ എന്ന കലാകാരനു അപകടം നടന്നപ്പോൾ മുതൽ ഞങ്ങൾ സാക്ഷിയാകേണ്ടി വന്ന അനേകം നാടകങ്ങൾക്ക് ഇപ്പോൾ വന്ന ഈ സ്വര്ണക്കള്ളക്കടത്തു കേസുമായി ബന്ധമുണ്ടോ എന്ന് ഞങ്ങളിന്നു സംശയിക്കുന്നു. ആദ്യദിവസം മുതൽ ഞങ്ങൾ സംശയിച്ചിരുന്ന ആളുകൾ തന്നെ ഈ കേസിൽ അപ്രതീക്ഷിതമായി പ്രതിസ്ഥാനത്തു വരുമ്പോൾ ഇതെല്ലാം തമ്മിൽ ബന്ധമില്ല എന്ന് വിശ്വസിക്കാൻ ഞങ്ങൾക്കാവുന്നില്ല. ബാലുവിന് സാമ്പത്തികകാര്യങ്ങൾ വല്ലാത്ത 'ടെന്ഷനും ആയിരുന്നു എന്നു മാത്രം ങ്ങൾക്കറിയാം. അതിനാലാണ് അതെല്ലാം നോക്കിനടത്താൻ "ഇത്രയും വിശ്വസ്തരെ" കൂടെക്കൂട്ടിയതും. ലക്ഷ്മിയെ സംരക്ഷിച്ചിരുന്നതും ലക്ഷ്മി സംരക്ഷിച്ചിരുന്നതും ഇതേ ആൾക്കാരാണ് എന്നുകൂടി ചേർത്തു വായിക്കുമ്പോഴാണ് ഇത്രയും കാലമായി ഞങ്ങൾ കരുതിയിരുന്നതിനും അപ്പുറമാണ് യാഥാർഥ്യം എന്ന് ഞങ്ങൾക്ക് തോന്നുന്നത്. സത്യം എന്തായാലും അത് പുറത്തു വരട്ടെ.
മറ്റുള്ളവർക്ക് സംഭവിക്കുന്ന അവസ്ഥകളെ ആഘോഷമാക്കി ആസ്വദിക്കുന്ന, ആ ക്രൂരതയിൽ രസം കണ്ടെത്തുന്ന സാമൂഹ്യദ്രോഹികൾ കുറച്ചധികം ഉണ്ട് നമ്മുടെ സമൂഹത്തിൽ. ബാലുവിനെ നഷ്ടപ്പെട്ടതിൽ അധികം ഇനിയൊന്നും നഷ്ടപ്പെടാനില്ല എന്ന അവസ്ഥയിലുള്ള ഞങ്ങൾ കുടുംബക്കാർക്ക് ഇപ്പോൾ പരിഭവം ബാലുവിനോട് മാത്രമേയുള്ളൂ.. ഈ അവസ്ഥയിൽ ഞങ്ങളെ എത്തിച്ചിട്ടു കടന്നു കളഞ്ഞതിന്.. പിടിച്ചു നിന്ന് കൂടെ നിന്ന് ഇനിയെങ്കിലും ഞങ്ങൾക്ക് വേണ്ടി പറയാൻ ആളില്ലാതാക്കിയതിന്...വിഷപ്പാമ്പുകളെ തീറ്റിപ്പോറ്റി ആ വിഷം തൊണ്ടയിൽ പിടിച്ചു നിർത്തി ഇറക്കാനും തുപ്പാനും വയ്യാതെ വിഷമിച്ചപ്പോഴും വീട്ടുകാരോട് താഴാൻ ദുരഭിമാനം കാണിച്ചതിന്.. സംഗീതം മാത്രം മനസ്സിൽ സൂക്ഷിക്കുന്ന സാത്വികരായ അച്ഛനമ്മമാരെയും ചേച്ചിയെയും ഗുരുവിനെയും മറ്റു ബന്ധുക്കളെയും പണത്തിനുവേണ്ടി കുരയ്ക്കുന്ന പട്ടികളുടെയും മരണമോർമ്മിപ്പിച്ചു ഓരിയിടുന്ന കുറുക്കന്മാരുടെയും ഇടയിലേക്ക് വലിച്ചിട്ടതിന്.....