കെ ആര് അനൂപ്|
Last Modified ബുധന്‍, 17 മെയ് 2023 (12:44 IST)
ഓരോ അപ്ഡേറ്റിലും വാട്സ്ആപ്പ് ഉപയോക്താക്കളെ കൂടുതല്‍ തങ്ങളോട് ചേര്‍ത്ത് നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇത്തവണ സുരക്ഷാ ഫീച്ചറും ആയിട്ടാണ് വരവ്. ഫോണ്‍ മറ്റൊരാള്‍ ഉപയോഗിച്ചാലും വാട്സാപ്പിലെ ചാറ്റുകള്‍ സംരക്ഷിച്ച് വയ്ക്കാനാകും എന്നതാണ് പുതിയ പ്രത്യേകത. ചുരുക്കിപ്പറഞ്ഞാല്‍ കൂടുതല്‍ പ്രൈവസിയും സുരക്ഷയും നല്കി വാട്സ്ആപ്പ് ചാറ്റുകള്‍ ലോക്ക് ചെയ്ത് വെക്കാന്‍ പറ്റും.
സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കാനാണ് വാട്സാപ്പിന്റെ പുതിയ ശ്രമം. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ നിരവധി പുതിയ സുരക്ഷാ, സ്വകാര്യത ഫീച്ചറുകള്‍ ചേര്‍ത്തിരുന്നു. മൂന്ന് പുതിയ സുരക്ഷാ സവിശേഷതകള്‍ പ്രഖ്യാപിച്ചിരുന്നു ഇതിന് പിന്നാലെയാണ് ചാറ്റ് ലോക്ക്.
ലോക്ക് ചാറ്റ് ഫീച്ചര്‍ ഉപയോഗിച്ച് ലോക്ക് ചെയ്ത ചാറ്റുകള്‍ പാസ്വേഡും ബയോമെട്രിക് ഓതന്റിക്കേഷനും ഉപയോഗിച്ച് സുരക്ഷിതമാക്കിയ ഒരു ഫോള്‍ഡറിലേക്ക് മാറ്റുന്നു. ഉപയോഗിക്കുന്ന ഫോണിന് അനുസരിച്ച് ഫേസ് ഐഡി, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, പാസ്വേഡ് സെറ്റ്, ബയോമെട്രിക് ഓതന്റിക്കേഷന് എന്നിവ ഉപയോഗിച്ച് ലോക്ക് ചെയ്യുവാനും ആവശ്യനുസരണം തുറന്നു എടുക്കുവാനും സാധിക്കുന്നു. തീര്‍ന്നില്ല ചിലപ്പോള്‍ ലോക്ക് ചെയ്ത ചാറ്റിലേക്ക് ഒരു മെസ്സേജ് വരുകയാണെങ്കില്‍ അയച്ച ആളുടെ വിവരവും മെസ്സേജിലുള്ള കാര്യവും ആപ്പ് മറച്ചുവയ്ക്കും. എന്താണ് ചാറ്റില്‍ ഉള്‍പ്പെട്ടത് എന്നറിയുവാന്‍ അത് അണ്‍ലോക്ക് ചെയ്താല്‍ മാത്രമേ സാധിക്കുകയുള്ളൂ. ഫോണ്‍ മറ്റൊരാളുടെ കയ്യില്‍ ഇരുന്നാലും അവര്‍ക്ക് ഇത്തരം മെസ്സേജുകള്‍ ആരാണ് അയച്ചത് എന്നും എന്താണ് മെസ്സേജ് എന്നോ അറിയുവാന്‍ സാധിക്കില്ല. വാട്സ്ആപ്പ് ഇന്‍ബോക്സില്‍ വരുന്ന മറ്റു ചാറ്റുകളില്‍ നിന്ന് ലോക്ക് ചെയ്ത ചാറ്റിന്റെ ത്രെഡ് പൂര്‍ണമായും മറ്റൊരു ഫോള്‍ഡറിലേക്ക് മാറ്റുന്നതാണ് ഈ ഫീച്ചര്‍ ചെയ്യുന്നത്.