വയനാട് ഉപതിരഞ്ഞെടുപ്പ്: പ്രിയങ്ക ഗാന്ധിക്കെതിരെ എല്‍ഡിഎഫ് മത്സരിക്കും

ഉത്തര്‍പ്രദേശിലെ റായ് ബറേലി സീറ്റ് നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് രാഹുല്‍ വയനാട് ഒഴിഞ്ഞത്

Anni Raja, Rahul gandhi, Lok Sabha Election 2024, CPI, CPM, Kerala News
Anni Raja and Rahul gandhi
രേണുക വേണു| Last Modified ബുധന്‍, 19 ജൂണ്‍ 2024 (08:39 IST)

വയനാട് ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് എല്‍ഡിഎഫ്. വയനാട്ടിലേത് രാഷ്ട്രീയ പോരാട്ടമാണെന്നും ജനങ്ങളോട് രാഷ്ട്രീയം പറഞ്ഞുതന്നെ മത്സരിക്കുമെന്നുമാണ് എല്‍ഡിഎഫ് നിലപാട്. ഉപതിരഞ്ഞെടുപ്പ് ആയതിനാലും പ്രിയങ്ക ദേശീയ തലത്തില്‍ ഇന്ത്യ മുന്നണിയില്‍ നിന്നുള്ള നേതാവ് ആയതിനാലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്ന് കോണ്‍ഗ്രസ് ക്യാംപുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ വയനാട്ടില്‍ മത്സരിക്കുന്നത് രാഷ്ട്രീയ പോരാട്ടമായാണ് എല്‍ഡിഎഫ് കാണുന്നത്.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ എല്‍ഡിഎഫിനായി മത്സരിച്ച ആനി രാജ ആയിരിക്കില്ല ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി. വയനാട്ടില്‍ നിന്നുള്ള മറ്റൊരു നേതാവിനെ സ്ഥാനാര്‍ഥിയാക്കാനാണ് എല്‍ഡിഎഫ് ആലോചിക്കുന്നത്. സിപിഐയുടെ സീറ്റാണ് വയനാട്.

ഉത്തര്‍പ്രദേശിലെ റായ് ബറേലി സീറ്റ് നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് രാഹുല്‍ വയനാട് ഒഴിഞ്ഞത്. രണ്ട് സീറ്റില്‍ നിന്ന് ജയിച്ചതിനാല്‍ ഏതെങ്കിലും ഒരു സീറ്റ് രാഹുല്‍ ഒഴിയണം. ഇക്കാര്യം തീരുമാനിക്കുന്നതിനുള്ള അവസാന തിയതി ജൂണ്‍ 18 ആണ്. ഈ സാഹചര്യത്തിലാണ് എഐസിസി നേതൃത്വം യോഗം ചേര്‍ന്ന് പ്രിയങ്കയെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.

'നിയമപ്രകാരം ഒരു സീറ്റ് രാഹുല്‍ ഒഴിയണം. റായ് ബറേലി സീറ്റ് രാഹുല്‍ നിലനിര്‍ത്തണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഗാന്ധി കുടുംബത്തിനു ഏറെ അടുപ്പമുള്ള മണ്ഡലമാണ് റായ് ബറേലി. വയനാട്ടിലെ വോട്ടര്‍മാരുടെ സ്‌നേഹവും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പക്ഷേ വയനാട്ടില്‍ തുടരാന്‍ നിയമം അനുവദിക്കുന്നില്ല. ഒട്ടേറെ ചര്‍ച്ചകള്‍ക്കു ശേഷം വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. പ്രിയങ്കയും ഇക്കാര്യത്തില്‍ സമ്മതം അറിയിച്ചിട്ടുണ്ട്,' കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :