രേണുക വേണു|
Last Modified ചൊവ്വ, 9 ജൂലൈ 2024 (10:01 IST)
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന നടപടികളിലേക്ക് കടന്ന് സംസ്ഥാന സര്‍ക്കാര്‍. വാര്‍ഡ് വിഭജനം സംബന്ധിച്ച ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് വാര്‍ഡ് വിഭജന നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പ് പുതിയ വാര്‍ഡുകളുടെ അടിസ്ഥാനത്തിലാകും നടക്കുക. 2024 ലെ കേരള പഞ്ചായത്ത് രാജ് രണ്ടാം ഭേദഗതി ബില്ല്, കേരള മുന്‍സിപ്പാലിറ്റി രണ്ടാം ഭേദഗതി ബില്ല് എന്നിവയാണ് കഴിഞ്ഞദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടത്.
2001ലെ സെന്‍സസിന്റെ അടിസ്ഥാനത്തിലുള്ളതാണ് നിലവിലെ വാര്‍ഡുകള്‍. അവസാനം നടന്ന 2011 ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് വിഭജിക്കാന്‍ 2020 ല്‍ നിയമസഭ ബില്ല് പാസാക്കിയിരുന്നു. എന്നാല്‍ കോവിഡ് കാരണം നടപ്പായില്ല. അതേ ബില്ലാണ് ഇപ്പോള്‍ നിയമമാക്കിയത്. ബില്ല് പാസായതോടെ വാര്‍ഡ് വിഭജനത്തിനുള്ള കരട് നിര്‍ദ്ദേശങ്ങള്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ തയ്യാറാക്കി കളക്ടര്‍ മുഖേന ഡിലിമിറ്റേഷന്‍ കമ്മീഷന് നല്‍കും. കമ്മീഷന്‍ ഈ വിവരങ്ങള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കുകയും ഇതു പരിശോധിച്ച് തീര്‍പ്പാക്കിയതിനു ശേഷം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്യും.
മൂന്ന് ഘട്ടമായിട്ടാകും വാര്‍ഡ് വിഭജനം നടക്കുക. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയുടേതാണ് ആദ്യം നടക്കുക. ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയുടേത് രണ്ടും മൂന്നും ഘട്ടങ്ങളിലായി നടക്കും.