തിരുവനന്തപുരം|
സജിത്ത്|
Last Modified ബുധന്‍, 31 ഓഗസ്റ്റ് 2016 (13:42 IST)
കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസത്തിനെതിരെ വി ടി ബല്‍റാം എംഎല്‍എ രംഗത്ത്. കേരളത്തിലെ കോൺഗ്രസുകാർ ഗ്രൂപ്പുകളിലേക്ക് പിറന്നുവീഴുന്ന അവസ്ഥയാണ്. ഏതെങ്കിലും ഗ്രൂപ്പില്ലാതെ കോൺഗ്രസിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും ബല്‍റാം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന്റെ വാലില്‍ കെട്ടാനുളള പോഷക സംഘടനയല്ല കെഎസ്‌യു. ഒരു കോളെജിലെ യൂണിറ്റ് സെക്രട്ടറി ആകണമെങ്കില്‍ പോലും കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് വരെ ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമാകേണ്ട അവസ്ഥയാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
നമ്മളൊക്കെ ജനിക്കുന്നതിനു മുൻപുണ്ടായ പ്രശ്നങ്ങളുടെ പേരിലാണ് കേരളത്തിലെ കോൺഗ്രസിൽ ഇപ്പോഴും ഗ്രൂപ്പുകൾ നിലനിൽക്കുന്നത്. 62 വയസായ ആര്‍ ശങ്കറിനോട് വയസായെന്നും സ്ഥാമാനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും പറഞ്ഞ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഇന്നത്തെ നേതാക്കള്‍ക്ക് 75 വയസായി. എന്നാല്‍ അവര്‍തന്നെയാണ് ഇന്നും കോണ്‍ഗ്രസിന്റെ തലപ്പത്തെന്നും ബല്‍റാം പരിഹസിച്ചു.