പാഠപുസ്‌തകം അച്ചടിക്കാത്തത് സര്‍ക്കാരിന്റെ ധിക്കാരം: വിഎസ്‌

വിഎസ് അച്യുതാനന്ദന്‍ , യുഡിഎഫ് , പികെ അബ്ദു റബ്ബ്
തിരുവനന്തപുരം| jibin| Last Updated: വ്യാഴം, 2 ജൂലൈ 2015 (14:46 IST)
അമ്പത് ലക്ഷം കുട്ടികളുടെ ഭാവി ഇരുട്ടിലാക്കുന്ന തരത്തില്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളിലേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കാത്തത് യുഡിഎഫ് സര്‍ക്കാരിന്റെ ധിക്കാരമാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍.

അതിനെതിരെ ശക്തമായി പ്രതിപക്ഷം പ്രതികരിക്കും. അതു പരിഹരിക്കാന്‍ കഴിയാതെ പിന്നെന്തിനാണ് നിയമസഭ കൂടുന്നതെന്നും വിഎസ് ചോദിച്ചു. അതേസമയം, പാഠപുസ്‌തക അച്ചടി ജൂലൈ ഇരുപതിനേ തീരുവെന്ന് വിദ്യാഭ്യാസമന്ത്രി പികെ അബ്ദു റബ്ബ് നിയമസഭയില്‍ അറിയിച്ചു. ആകെ ആവശ്യമുള്ള മൂന്നരകോടി പാഠപുസ്തകങ്ങളില്‍ 43 ലക്ഷത്തിന്റെ അച്ചടിയാണ് വൈകിയത്. അതില്‍ 13 ലക്ഷം അച്ചടിച്ചുകഴിഞ്ഞു. ബാക്കിയുള്ള 30 ലക്ഷത്തിന്റെ അച്ചടി ജൂലായ് 20-നകം പൂര്‍ത്തിയാക്കുമെന്നാണ് അദ്ദേഹം സഭയില്‍ വ്യക്തമാക്കി.

വിദ്യാലയങ്ങളിലെ പാഠപുസ്തക വിതരണം താമസിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. മാത്യു ടി തോമസ് എംഎല്‍എയാണ് പ്രതിപക്ഷത്തിന് വേണ്ടി സംസാരിച്ചത്. അതിനുമറുപടിയായിട്ടാണ് വിദ്യാഭ്യാസമന്ത്രി ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. 3 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി ഇതുവരെ പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :