കാര്യങ്ങള്‍ വളച്ചൊടിക്കാതെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മാധ്യമപ്രവര്‍ത്തകരോട് വിഎസിന്റെ അഭ്യര്‍ത്ഥന; ആര്‍ക്കും ഒരു മുന്നറിയിപ്പും ഉപദേശവും നല്കിയിട്ടില്ലെന്നും വി എസ്

കാര്യങ്ങള്‍ വളച്ചൊടിക്കാതെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മാധ്യമപ്രവര്‍ത്തകരോട് വിഎസിന്റെ അഭ്യര്‍ത്ഥന; ആര്‍ക്കും ഒരു മുന്നറിയിപ്പും ഉപദേശവും നല്കിയിട്ടില്ലെന്നും വി എസ്

കൊച്ചി| JOYS JOY| Last Modified വ്യാഴം, 21 ഏപ്രില്‍ 2016 (15:56 IST)
ഫേസ്‌ബുക്കില്‍ താന്‍ കുറിക്കുന്ന കാര്യങ്ങള്‍ വളച്ചൊടിക്കാതെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മാധ്യമപ്രവര്‍ത്തകരോട് വി എസ് അച്യുതാനന്ദന്റെ അഭ്യര്‍ത്ഥന. “കാള പെറ്റതും കയറെടുത്തതും” എന്ന ശീര്‍ഷകത്തില്‍ വി എസ് നല്കിയ ഫേസ്‌ബുക്ക് പോസ്റ്റ് ചില മാധ്യമങ്ങള്‍ വളച്ചൊടിച്ച് നല്കിയെന്ന് വ്യക്തമാക്കി അദ്ദേഹം രണ്ടാമത് നല്കിയ പോസ്റ്റിലാണ് ഈ അഭ്യര്‍ത്ഥന. താന്‍ ആര്‍ക്കും ഒരു മുന്നറിയിപ്പും ഉപദേശവും നല്കിയിട്ടില്ലെന്നും വി എസ് രണ്ടാമത്തെ ഫേസ്‌ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. വി എസിന്റെ രണ്ടാമത്തെ ഫേസ്‌ബുക്ക് പോസ്റ്റ്,

മാധ്യമ സുഹൃത്തുക്കളോട് ഒരു അഭ്യര്‍ത്ഥന

“കാള പെറ്റതും കയറെടുത്തതും” എന്ന ശീര്‍ഷകത്തിലുള്ള എന്‍റെ പോസ്റ്റില്‍ നിന്നും ചില വാക്കുകള്‍ ഊരിയെടുത്ത് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ചില ചാനലുകളില്‍ ബ്രേക്കിങ്ങ് ന്യൂസ്‌ വന്നു കൊണ്ടിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ദയവായി ഞാന്‍ കുറിച്ച കാര്യങ്ങള്‍ വളച്ചൊടിക്കാതെ റിപ്പോര്‍ട്ട്‌ ചെയ്യുക. സഖാവ് വിജയന്‍ എനിക്കെതിരെ മോശം പദപ്രയോഗം നടത്തിയത് ശ്രദ്ധയില്‍പ്പെട്ടു എന്ന് ഞാന്‍ പോസ്റ്റ്‌ ചെയ്തിട്ടില്ല. അങ്ങനെ പോസ്റ്റ്‌ ചെയ്തു എന്നാണ് ഒരു ചാനലില്‍ കണ്ടത്. അങ്ങനെയുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു എന്നാണ് ഞാന്‍ കുറിച്ചത്. മാത്രവുമല്ല സഖാവ് വിജയന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്ന അദ്ദേഹത്തിന്‍റെ വിശദീകരണം കണക്കിലെടുത്ത് വിവാദം അവസാനിപ്പിക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ആര്‍ക്കും ഒരു മുന്നറിയിപ്പും ഉപദേശവും ഞാന്‍ നല്‍കിയിട്ടില്ല. ഞാന്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷജനാധിപത്യ മുന്നണി നേതാക്കള്‍ ഒരു തെരഞ്ഞെടുപ്പു കാലത്ത് പാലിക്കേണ്ട ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്.

എന്‍റെ ഈ ഫേസ്ബുക്ക്‌ പോസ്റ്റ്‌ എല്ലാ മാധ്യമങ്ങള്‍ക്കും എത്രയും വേഗം അയച്ചു കൊടുക്കാന്‍ എന്റെ ഓഫീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാധ്യമസുഹൃത്തുക്കള്‍ അത് ഒന്നുകൂടി മനസിരുത്തി വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഒരു ചാനല്‍ കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പിനെക്കുറിച്ച് ഞാന്‍ പോസ്റ്റില്‍ കുറിച്ചത് മാര്‍പാപ്പയാക്കി മാറ്റി വാര്‍ത്ത നല്‍കിയ സാഹചര്യത്തില്‍കൂടിയാണ് ഈ അഭ്യര്‍ത്ഥന.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :