ജേക്കബ് തോമസിനെ സർക്കാർ ശിക്ഷിക്കുകയാണ്: വിഎസ്

  വിഎസ് അച്യുതാനന്ദൻ , ഡി.ജി.പി ജേക്കബ് തോമസ് , ഫയര്‍ഫോഴ്സ് ഡിജിപി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 21 ഒക്‌ടോബര്‍ 2015 (14:42 IST)
ഫ്ലാറ്റ് മാഫിയകളുടെ കള്ളത്തരങ്ങള്‍ പുറത്തു കൊണ്ടുവന്ന ഡി.ജി.പി ജേക്കബ് തോമസിനെ സർക്കാർ ശിക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. സ്ഥലം മാറ്റത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനു പൊലീസ് കണ്‍സ്ട്രക്ഷര്‍ കോര്‍പ്പറേഷനിലേക്ക് അദ്ദേഹത്തെ മാറ്റിയത് ഇതിന് ഉദ്ദാഹരണമാണ്. അദ്ദേഹത്തെ വേട്ടയാടാനുള്ള സർക്കാരിന്റെ തീരുമാനത്തെ എല്ലാ ശക്തിയും ഉപയോഗിച്ച് എൽഡിഎഫ് ചെറുക്കുമെന്നും വിഎസ് പറഞ്ഞു.

ബാർ കോഴ കേസിന്റെ അന്വേഷണത്തിൽ തനിക്ക് വൻസമ്മർദ്ദം ഉണ്ടെന്ന് പരസ്യമായി പറഞ്ഞ വിൻസൺ എം. പോളിനെതിരെ യാതൊരു നടപടിയും എടുക്കാതിരുന്ന സർക്കാരിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും വി.എസ് പറഞ്ഞു.

ഒരു പ്യൂണിനെ സ്ഥലംമാറ്റുന്ന ലാഘവത്തോടെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഗ്നിശമനസേനയുടെ മേധാവിയെ സ്ഥലംമാറ്റിയത്. വാക്കാല്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസിനെതിരെ പരാതി എടുത്തതെന്ന് രേഖകള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ആ പരാതിക്കാര്‍ ആരെക്കെയെന്ന് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തണമെന്നും വിഎസ് പറഞ്ഞു. സത്യസന്ധരായ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ തട്ടിക്കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഫയര്‍ഫോഴ്സ് ഡിജിപി ആയിരിക്കെ ജേക്കബ് തോമസിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയതിന് പിന്നാലെ സ്ഥലം മാറ്റത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനു പൊലീസ് കണ്‍സ്ട്രക്ഷര്‍ കോര്‍പ്പറേഷന്‍ എംഡി ജേക്കബ് തോമസിനോട് വിശദീകരണം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രിസഭായോഗം വിലയിരുത്തി. സര്‍ക്കുലര്‍ വിവാദത്തെ കുറിച്ചായിരുന്നു ജേക്കബ് തോമസ് മാധ്യമങ്ങളോട് സംസാരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :